പത്തനംതിട്ട: കലഞ്ഞൂർ കുളത്തുമണ്‍ ഭാഗത്ത് കരിമ്പുലി ഇറങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു. വനസംരക്ഷണ സമിതി പ്രസിഡന്റിന്റെ പുരയിടത്തിലാണ് കരിമ്പുലി ഇറങ്ങിയത്. വനംവകുപ്പ് സ്ഥലത്ത് നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു. അധികം വൈകാതെ കൂട് സ്ഥാപിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് ഷിജുവിന്റെ പുരയിടത്തില്‍ കരിമ്പുലിയെ കണ്ടെത്തിയത്. ഈ മേഖലയിലെ ഒരു കർഷകന്റെ ആടിനെ പുലി കടിച്ചുകൊന്നതായും പറയുന്നു. പ്രദേശവാസികള്‍ തന്നെയാണ് കരിമ്പുലിയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകർത്തിയത്.
വനംവകുപ്പ് ഉദ്യോഗസ്ഥർ ദൃശ്യങ്ങള്‍ പരിശോധിച്ച് കരിമ്പുലിയാണെന്ന് സ്ഥിരീകരിച്ചു. ഒരാഴ്ച മുൻപ് കുളത്തുമണ്‍ പേത്തുംപാറ റോഡില്‍ വച്ച് സ്കൂള്‍ ബസിന് മുന്നില്‍ കരിമ്പുലിയെ കണ്ടിരുന്നുവെന്ന് നാട്ടുകാരും വിദ്യാർഥികളും പറഞ്ഞിരുന്നു.






