കോട്ടയം: മലങ്കരസഭാതർക്കത്തിലെ മുൻകാല വിധികളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്ന സുപ്രീംകോടതി നിരീക്ഷണത്തെ സ്വാഗതം ചെയ്ത് ഓർത്തഡോക്സ് സഭ. മലങ്കരസഭയുടെ പള്ളികളിലെ വിശ്വാസികളുടെയും,എതിർ കക്ഷികളുടെയും എണ്ണം എടുക്കുന്നത് മുൻ ഉത്തരവുകളിൽ മാറ്റം വരുത്തുന്നതിനല്ലെന്ന സുപ്രീംകോടതി നിരീക്ഷണത്തെ സ്വാഗതം ചെയ്യുന്നു.
ഇത്തരം കണക്കുകൾ സമാധാനപരമായ അന്തരീക്ഷം തകർക്കുമെന്ന നിലപാടാണ് സഭയ്ക്കുള്ളത്. കക്ഷികൾക്ക് സർക്കാർ ഈ കണക്കുകൾ നൽകരുതെന്ന സഭയുടെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു. പ്രശ്നങ്ങൾ സങ്കീർണമാക്കാനല്ല, സമാധാനപരമായ പരിഹാരമാണ് ഉദ്ദേശിക്കുന്നതെന്ന കോടതി നിരീക്ഷണത്തിൽ കാര്യങ്ങൾ വ്യക്തമാണ്.
മലങ്കരസഭാ ഭരണഘടനപ്രകാരം ഭരിക്കപ്പെടേണ്ട 6 പള്ളികളുടെ കോടതിയലക്ഷ്യ ഹർജി മാത്രമാണ് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് പരിഗണിക്കുന്നത്. കോടതിയലക്ഷ്യക്കേസിന്റെ പരിധിക്ക് പുറത്തേക്ക് വിഷയം വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന സുപ്രീംകോടതി നിരീക്ഷണം മലങ്കരസഭയിൽ ശാശ്വത സമാധാനത്തിന് ഇടവരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സഭയുടെ മാധ്യമ വിഭാഗം തലവൻ ഡോ.യൂഹാനോൻ മാർ ദിയസ്ക്കോറോസ് മെത്രാപ്പോലീത്ത പ്രതികരിച്ചു.