തിരുവല്ല : കിഴക്കൻ മുത്തൂർ പടപ്പാട് ശ്രീദേവി ക്ഷേത്രത്തിൽ വൻ മോഷണം. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ ക്ഷേത്രം തുറക്കാൻ മേൽശാന്തി എത്തിയപ്പോഴാണ് മോഷണ വിവരംഅറിയുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ക്ഷേത്രം. ശ്രീകോവിലും ഓഫീസ് മുറിയും അടക്കം കുത്തി തുറന്ന മോഷ്ടാക്കൾ 50ലധികം ഓട് വിളക്കുകൾ, തൂക്കു വിളക്കുകൾ, കലശക കുടം, പിത്തളപറയും അടക്കം 5 ലക്ഷത്തിലധികം രൂപയുടെ സാധന സാമഗ്രികൾ കവർന്നു.
തിരുവല്ല പോലീസും, ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി തെളിവുകൾ ശേഖരിച്ചു. ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ പ്രവർത്തന രഹിതമാണ്.
ഒന്നിലധികം പേരിടങ്ങിയ സംഘമാണ് മോഷണം നടത്തിയത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചു വരികയാണെന്ന് തിരുവല്ലാ പോലീസ് അറിയിച്ചു.