തിരുവനന്തപുരം : കേന്ദ്ര യുവജനകാര്യകായിക മന്ത്രാലയത്തിന്റെ മേരാ യുവ ഭാരതിന്റെ ഭാഗമായുള്ള കാശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടിയിൽ കാശ്മീരി ഉല്പന്നങ്ങളുടെ പ്രദർശനം നാലാഞ്ചിറ ഗിരിദീപം കൺവൻഷൻ സെൻ്ററിൽ മുൻ കേന്ദ്രസഹമന്ത്രിയും നെഹ്റു യുവ കേന്ദ്ര മുൻ ഡയറക്ടർ ജനറലുമായ വി മുരളീധരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കശ്മീർ താഴ്‌വരയിലെ പ്രശ്‌നങ്ങളെക്കുറിച്ചും യുവജനങ്ങളുടെ പങ്കിനെക്കുറിച്ചും വിഷയാധിഷ്ഠിത ചർച്ച നടന്നു. സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി ചരടുപിന്നിക്കളിയും കശ്മീരി നൃത്തവും വേദിയിൽ അവതരിപ്പിച്ചു. കശ്മീരിൽ നിന്നും 130 യുവതി യുവാക്കളാണ് മേരാ യുവ ഭാരതിന്റെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയിട്ടുള്ളത്. ഈ മാസം ആറു വരെയാണ് പരിപാടി.
ഇന്നലെ ആരംഭിച്ച ഈ വർഷത്തെ കശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. അറിവിന്റെയും ജ്ഞാനത്തിന്റെയും അന്തസത്ത ഉൾക്കൊളളുന്ന പൈതൃകമാണ് കശ്മീരിന്റേതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കശ്മീരി പ്രതിനിധികൾ കേരള നിയമസഭ, ദൂരദർശൻ കേന്ദ്രം, വിക്രം സാരാഭായ് സ്പേസ് സെൻ്റർ-തുമ്പ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ -ലക്ഷ്മീഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ, മ്യൂസിയം, കോവളം ബീച്ച് എന്നിവിടങ്ങൾ സന്ദർശിക്കും. നവംബർ ഏഴിന് സംഘം തിരിച്ചു പോകും.
രാജ്യത്തിൻ്റെ മഹത്തായ പൈതൃകത്തെയും വൈവിധ്യമാർന്ന സംസ്‌കാരിക പാരമ്പര്യത്തെയും കുറിച്ച് അറിയാനും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വികസനപ്രവർത്തനങ്ങൾ നേരിൽകണ്ട് പഠിക്കാനുമാണ് നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ യൂത്ത് എക്സ്ചേഞ്ച് പരിപാടി സംഘടിപ്പിക്കുന്നത്.