ആലപ്പുഴ: ജില്ലയിലെ കൊയ്ത നെല്ല് വ്യാഴാഴ്ച മുതൽ സംഭരിക്കാൻ മില്ലു ഉടമകളുമായി ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ കളക്ട്രേറ്റിൽ കൂടിയ ഉന്നത ഉദ്യോഗസ്ഥ തല യോഗം തീരുമാനിച്ചു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ടുള്ള തടസ്സങ്ങൾ ഒഴിവാക്കുന്നതിനാണ് മില്ലുടമകളുമായി അടിയന്തര യോഗം ചേർന്നത്. നെല്ല് താമസം കൂടാതെയും തടസ്സമില്ലാതെയും സംഭരിക്കുമെന്ന് മില്ല് ഉടമകളുടെ പ്രതിനിധികൾ യോഗത്തിൽ ഉറപ്പ് നൽകി .
നൂറ് കൃഷിക്കാരുള്ള പാടശേഖരത്തിന് ഒന്ന് എന്ന നിലയിൽ കർഷകരും പാഡി മാർക്കറ്റിംഗ് ഓഫീസർമാരും (പി എം ഒ) കൃഷിവകുപ്പ് ഉദ്യോഗസ്ഥരും നിശ്ചയിക്കുന്ന പാടശേഖരത്തിലെ നെല്ല് ഗുണനിലവാര പരിശോധനക്ക് വിധേയമാക്കിയായിരിക്കും ആവശ്യമെങ്കിൽ കിഴിവ് നിശ്ചയിക്കുക. തർക്കമുണ്ടാകുന്ന സ്ഥലങ്ങളിൽ കൃഷിക്കാരെയും മില്ലുകാരെയും മുഖവിലക്ക് എടുത്ത് നെല്ല് സംഭരണത്തിന് അനുയോജ്യമായ തീരുമാനമെടുക്കുന്നതിന് കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പി എം ഒ മാരും പൂർണ സഹകരണo നൽകാനും യോഗം തീരുമാനിച്ചു.
നെല്ലിന് കിഴിവ് നൽകുന്നത് സംബന്ധിച്ച് സ്ലാബ് നിശ്ചയിച്ച് ഒരു മാസത്തിനകം സംസ്ഥാന സർക്കാരിന്റെ പരിഗണനക്ക് നൽകുമെന്ന് യോഗത്തിൽ മില്ല് ഉടമകളെ അറിയിച്ചു.