ന്യൂഡൽഹി : വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട് നടൻ മോഹൻലാൽ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി നടപടി .മോഹൻലാൽ സമർപ്പിച്ച ലിങ്കുകൾ നീക്കം ചെയ്യാൻ കോടതി നിർദേശം നൽകി. മെറ്റയടക്കമുള്ള സോഷ്യൽ മീഡിയ കമ്പനികളെ എതിർകക്ഷിയാക്കി കൊണ്ടാണ് നടൻ ഹർജി നൽകിയത്.
തന്റെ വ്യക്തിത്വ അവകാശങ്ങൾ അനുമതിയില്ലാതെ ലംഘിക്കുന്ന ഓൺലൈൻ പേജുകളും അവയിലെ ഉള്ളടക്കങ്ങളും പിൻവലിക്കണമെന്ന് ഹർജിയിൽ മോഹൻലാൽ ആവശ്യപ്പെട്ടിരുന്നു.അവകാശലംഘനം നടത്തുന്ന ലിങ്കുകളുടെ പട്ടികയും അദ്ദേഹം കോടതിയിൽ സമർപ്പിച്ചു.ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതി മോഹൻലാൽ സമർപ്പിച്ച ലിങ്കുകൾ ഉടനടി നീക്കം ചെയ്ത് ഇന്ന് നാലരയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് നിർദേശിച്ചു.






