ആലപ്പുഴ: തകഴിയിൽ അമ്മയും മകളും മരിച്ചത് എസ്എസ്എൽസി പരീക്ഷയിൽ ഉത്തരം തെറ്റിയത് മൂലമുള്ള മാനസിക സമ്മർദ്ദമെന്ന് സൂചന. തകഴി പഞ്ചായത്ത് ഏഴാം വാർഡിൽ കേളമംഗലം വിജയനിവാസിൽ പരേതരായ ഗോപാലകൃഷ്ണ പിള്ളയുടെയും വിജയലക്ഷ്മിയുടെയും മകൾ പ്രിയ (46), മകൾ കൃഷ്ണപ്രിയ (15) എന്നിവരാണ് ട്രെയിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് തകഴി ആശുപത്രി ലെവൽ ക്രോസിന് സമീപത്താണ് സംഭവം.
അമ്പലപ്പുഴയിലെ സ്വകാര്യ ഇംഗ്ലീഷ് മിഡിയം സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയായ മകൾ കൃഷ്ണപ്രിയ പഠനത്തിൽ മികവ് പുലർത്തിയിരുന്നെങ്കിലും കഴിഞ്ഞ പരീക്ഷയിൽ ഏതാനും ചോദ്യങ്ങൾക്ക് ഉത്തരം തെറ്റിച്ചെന്ന കാരണത്താൽ മാതാവ് പ്രിയ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു.
വീയപുരം പഞ്ചായത്തിലെ ഹെഡ് ക്ലാർക്കായി ജോലിചെയ്തു വന്നിരുന്ന പ്രിയ മകളുടെ പഠനവുമായി ബന്ധപ്പെട്ട് ലീവെടുത്ത് വീട്ടിലിരിക്കുകയായിരുന്നു. മകൾക്ക് പഠന നിലവാരം കുറവാണെന്ന ആശങ്കയിൽ മാനസികസമ്മർദ്ദം താങ്ങാനാവാതെ പ്രിയ ദിവസങ്ങൾക്കു മുൻപ് കൗൺസിലിങ്ങിൽ പങ്കെടുത്തിരുന്നു. ഇന്നലെ പരീക്ഷ ഇല്ലാത്തതിനാൽ മകളെ ഒപ്പംകൂട്ടി പ്രിയ ജോലി ചെയ്യുന്ന വീയപുരം പഞ്ചായത്തിലെത്തി.
ഒരുമണി വരെ പഞ്ചായത്ത് ഓഫീസിൽ കഴിച്ചുകൂട്ടിയ ശേഷമാണ് തകഴിയിൽ എത്തി ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. പ്രിയയുടെ ഏകസഹോദരൻ പ്രമോദ് രണ്ടുവർഷം മുൻപ് മരണമടഞ്ഞിരുന്നു. പിന്നീട് പ്രിയയും മകൾ കൃഷ്ണപ്രിയയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ഇരുവരുടെയും മൃതദേഹങ്ങൾ പോലീസ് മേൽനടപടിക്ക് ശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.