തിരുവല്ല : നിരണത്ത് നിന്നും കാണാതായ റീനയെയും രണ്ട് പെൺമക്കളെയും നാഗർകോവിൽ നിന്നും പോലീസ് കണ്ടെത്തി. ഓഗസ്റ്റ് 17 മുതലാണ് റീനയെയും രണ്ട് പെൺമക്കളെയും കാണാതായത്. ഇവരെ കാണാതായതിനെ പിന്നാലെ പോലീസ് അന്വേഷണതിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. മൂവരുടേയും ചിത്രങ്ങൾ തമിഴ്നാട്ടിൽ ഉൾപ്പെടെ പൊലീസ് പരസ്യപ്പെടുത്തിയിരുന്നു. അങ്ങനെ ലഭിച്ച വിവരത്തെ തുടർന്നാണ് തമിഴ്നാട് സർക്കാരിന്റെ അഭയ കേന്ദ്രത്തിൽ ഇവരുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചത്.
പുളിക്കീഴ് പോലീസ് സംഘം നാഗർകോവിൽ എത്തി മൂവരെയും പുളിക്കീഴ് സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് കോടതിയിൽ ഹാജരാക്കും. ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐ പി എസിന്റെ നേത്യത്വത്തിൽ ഡിവൈ എസ് പി നന്ദകുമാർ, സി ഐ അജിത് കുമാർ, എസ് ഐ കുരുവിള സഖറിയ എന്നിവ അന്വേഷണത്തിൽ പങ്കെടുത്തു
അതേസമയം, ഇവരുടെ തിരോധാനത്തിന് പിന്നാലെ റീനയുടെ ഭർത്താവ് ജീവനൊടുക്കിയിരുന്നു. 41കാരനായ അനീഷ് മാത്യുവിനെ കവിയൂരിലെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുടേയും മകളുടേയും തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് അനീഷിനെ മാനസികമായി പീഡിപ്പിച്ചെന്നും അതാണ് ജീവനൊടുക്കാൻ കാരണമെന്നും ബന്ധുക്കൾ അന്ന് ആരോപണം ഉന്നയിച്ചിരുന്നു.






