തിരുവല്ല : നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് ( എൻ എ ബി എച്ച് ) നൽകിവരുന്ന ഇ ഡി എക്സലൻസ് പുരസ്കാരം ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ അത്യാഹിത വിഭാഗം കരസ്ഥമാക്കി. ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെ പരമാധ്യക്ഷൻ മോറാൻ മോർ അത്തനെഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്ത അധ്യക്ഷനായ ചടങ്ങിൽ ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വിനയ് കുമാർ സക്സേന പ്രസ്തുത പുരസ്കാരം ബിലീവേഴ്സ് ആശുപത്രിക്ക് സമർപ്പിച്ചു.
ദേശീയതലത്തിൽ മികവ് പുലർത്തുന്ന വിവിധ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങൾ ഉൾപ്പെട്ട പട്ടികയിൽ നിന്നും നിർദിഷ്ട മാനദണ്ഡങ്ങൾ അനുസരിച്ച് തിരഞ്ഞെടുക്കുന്ന അത്യാഹിതവിഭാഗത്തിനാണ് ഈ പുരസ്കാരം നൽകിവരുന്നത്. കേരള ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ആശുപത്രി മാനേജരുമായ റവ. ഫാ. സിജോ പന്തപ്പള്ളിൽ, ബിലീവേഴ്സ് ഈസ്റ്റേൺ സഭ സെക്രട്ടറി ജനറൽ റവ. ഫാ. ഡോ. ഡാനിയൽ ജോൺസൺ, ഡയറക്ടറും സിഇഒയുമായ പ്രൊഫ ഡോ. ജോർജ് ചാണ്ടി മറ്റീത്ര, അത്യാഹിത വിഭാഗം മേധാവി ഡോക്ടർ ലൈലു മാത്യുസ് എന്നിവർ പ്രസംഗിച്ചു.