ന്യൂഡൽഹി : നീറ്റ് പരീക്ഷയിൽ ക്രമക്കേടെന്ന ഹർജിയിൽ ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് റീടെസ്റ്റ് നടത്താനുളള എൻടിഎ ഉന്നതതല സമിതിയുടെ ശുപാർശ സുപ്രീം കോടതി അംഗീകരിച്ചു. മതിയായ സമയം ലഭിക്കാത്തതിനു 1563 വിദ്യാർഥികൾക്ക് അനുവദിച്ച ഗ്രേസ് മാർക്ക് റദ്ദാക്കും. ഇവർക്ക് റീടെസ്റ്റിനുള്ള അവസരം നൽകും. റീടെസ്റ്റ് എഴുതിയില്ലെങ്കിൽ ഗ്രേസ് മാർക്ക് ഒഴിവാക്കിയുള്ള മാർക്കായിരിക്കും നൽകുക. റീടെസ്റ്റ് ഈ മാസം 23 ന് നടത്തും
1563 പേർക്ക് 3 മണിക്കൂർ സമയം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് 2018 ലെ സുപ്രീം കോടതി വിധി പ്രകാരം ഗ്രേസ് മാർക്ക് നൽകിയത്.വിഷയം വിവാദമായതോടെ ഇതു പരിശോധിക്കാൻ എൻടിഎ സമിതിയെ നിയോഗിച്ചു. റീടെസ്റ്റ് ഫലം ജൂൺ 30നു മുൻപു പ്രസിദ്ധീകരിക്കും. അതിനാൽ കൗൺസിലിംഗിലും അഡ്മിഷൻ നടപടികളിലും ഇടപെടില്ല എന്ന് സുപ്രീംകോടതി വ്യക്തമാക്കി.