കൊച്ചി: എറണാകുളത്ത് പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ നിർമാണത്തിന് സർക്കാർ 12 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നിർമിക്കുന്നതിന്റെ പ്രാരംഭനടപടികൾക്കായി മന്ത്രി നടത്തിയ സന്ദർശനത്തിലാണ് പ്രഖ്യാപനം.
സംസ്ഥാനത്തെ ബസ് സ്റ്റാൻഡുകളുടെ നവീകരണത്തിനായി വിവിധ പദ്ധതികളാണ് സർക്കാർ ആവിഷ്ക്കരിച്ച് നടപ്പിലാക്കിവരുന്നതെന്ന് മന്ത്രി പറഞ്ഞു. നഗരവികസനം, വെള്ളക്കെട്ട് എന്നിവമൂലം എറണാകുളം ബസ് സ്റ്റാൻഡ് അതീവ ശോച്യാവസ്ഥയിലാണ്. ബസ് സ്റ്റാൻഡ് നിർമാണത്തിന് സിഎസ്എംഎലുമായി കരാർ ഉണ്ടായിരുന്നെങ്കിലും കാലാവധി കഴിഞ്ഞതിനെ തുടർന്ന് സർക്കാർ നേരിട്ട് പണം അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.