പത്തനംതിട്ട : സ്കൂളുകൾ കുട്ടികളെ ലക്ഷ്യമാക്കി കഞ്ചാവ് കച്ചവടം നടത്തിവന്ന സംഘത്തിലെ പ്രധാനി കോന്നി പോലീസിന്റെ പിടിയിലായി. കോഴിക്കോട് നിന്നും മൂന്ന് മാസം മുമ്പെത്തി കോന്നിയിൽ വാടകയ്ക്ക് താമസിച്ചു വരുന്ന പശ്ചിമ ബംഗാൾ ജൽപായ്ഗുരി ജില്ലയിൽ മറഖാത്ത വില്ലേജിൽ റസിദുൽ മിയായുടെ മകൻ റഹുൽ ഇസ്ലാ ( 29 ) മാണ് കഴിഞ്ഞ ദിവസം വൈകിട്ട് അറസ്റ്റിലായത്. അര കിലോയിലധികം കഞ്ചാവ് ഇയാളിൽ നിന്നും കോന്നി പോലീസ് പിടിച്ചെടുത്തു.
സ്കൂളുകൾ കേന്ദ്രീകരിച്ച് സജീവമായ ലഹരി സംഘങ്ങൾക്ക് കഞ്ചാവ് വിതരണം ചെയ്തു വരികയായിരുന്നു ഇയാൾ. പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. ഇയാളുടെ ഷോൾഡർ ബാഗിൽ നിന്നും അര കിലോയിലധികം കഞ്ചാവും, വിതരണം ചെയ്യുന്നതിനു വേണ്ടി പത്രക്കടലാസുകളിൽ പൊതിഞ്ഞ രണ്ട് ചെറിയ പൊതികൾ ജീൻസിന്റെ പോക്കറ്റിൽ നിന്നും കണ്ടെടുത്തു.
കഞ്ചാവിന്റെ ഉറവിടത്തെപ്പറ്റിയും മറ്റും പോലീസ് അന്വേഷണം തുടരുകയാണ്. ക്രമസമാധാനച്ചുമതലയുള്ള എ ഡി ജി പി എം ആർ അജിത് കുമാർ ഐ പി എസ്സിന്റെ നിർദ്ദേശപ്രകാരം ലഹരി മാഫിയ സംഘങ്ങൾക്കെതിരെ നടക്കുന്ന ‘ഡി ഹണ്ട് ‘ എന്ന പേരിലുള്ള ഓപ്പറേഷനിടെയാണ് അറസ്റ്റ്. കോന്നി ഡി വൈ എസ് പി ടി രാജപ്പന്റെ നേതൃത്വത്തിൽ പോലീസ് ഇൻസ്‌പെക്ടർ പി ശ്രീജിത്ത്, എസ് ഐ രവീന്ദ്രൻ നായർ, സിപിഓ മാരായ അഖിൽ, സുനിൽ,അഖിൽ,അരുൺ, ദിലീപ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.