ന്യൂഡൽഹി : ഉഷ്ണതരംഗത്തിൽ വലഞ്ഞ് ഉത്തരേന്ത്യ. മിക്കയിടങ്ങളിലും 46 ഡിഗ്രിക്ക് മുകളിലാണ് താപനില. ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾക്ക് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് നൽകിയിട്ടുണ്ട്.
രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പരമാവധി താപനില 45 ഡിഗ്രി സെൽഷ്യസാണ്. ഇത് ജൂണിലെ സാധാരണ താപനിലയേക്കാൾ 6 ഡിഗ്രി കൂടുതലാണ്.ബിഹാറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 22 പേരാണ് കടുത്ത ചൂടിൽ മരിച്ചത്.യുപിയിലെ പ്രയാഗ്‌രാജിൽ തിങ്കളാഴ്ച രേഖപ്പെടുത്തിയ താപനില 47.6 ഡിഗ്രി സെൽഷ്യസ് ആണ്.
അതേസമയം ബുധനാഴ്ച മുതൽ കടുത്ത ചൂടിന് അൽപം ആശ്വാസം ലഭിച്ചേക്കും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. നേരിയ തോതിൽ മഴ പെയ്യാനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്.