കോഴഞ്ചേരി : നാരങ്ങാനം ആലുങ്കലിൽ പുതുതായി പണികഴിപ്പിച്ച എൻ എസ് എസ് കരയോഗ മന്ദിരം തുറന്നു.പത്തനംതിട്ട താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ ഹരിദാസ് ഇടത്തിട്ട ഉദ്ഘാടനം ചെയ്തു.
സാമുഹിക സേവന രംഗത്തെ പ്രവർത്തനങ്ങൾ എൻഎസ്എസ് കൂടുതൽ ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.ലക്ഷോപലക്ഷം വരുന്ന സമുദായാംഗങ്ങളെ സ്വയംപര്യാപ്തതയിലെത്തിക്കുക എന്ന സമുദായാചാര്യൻ മന്നത്ത് പദ്മനാഭൻ്റെ ലക്ഷ്യം സാഫല്യത്തിലേക്ക് എൻ എസ് എസ് എത്തിച്ചുക്കൊണ്ടിരിക്കുകയാണ്. കേരളത്തിലങ്ങോളമിങ്ങോളമുള്ള ഇരുപതിനായിരത്തിൽ പരം വനിതാ സ്വയംസഹായ സംഘങ്ങളിലെല്ലാമായി മൂവായിരം കോടിയിലധികം രൂപയാണ് ഉള്ളത്.
പത്‌മാ കഫേ നാല് വർഷം കൊണ്ട് 11 കോടിയിലധികം രൂപയുടെ വിറ്റുവരവ് നേടി. വരും വർഷങ്ങളിൽ കേരളത്തിൽ ടൂറിസം രംഗത്ത് ഏറ്റവും വലിയ കോർപ്പറേറ്റ് ശൃംഖലയായി പത്മാകഫേ മാറും. എൻ എസ് എസ് നേതൃത്വത്തിൻ്റെ പ്രവർത്തനങ്ങളുടെ ചുവട് പിടിച്ച്, പത്തനംതിട്ട എൻ എസ് എസ് യൂണിയനും സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തി വരുന്നുണ്ട്. നിർധനരായ യുവതികൾക്കായി മംഗല്ല്യ നിധി സമാഹരിക്കുന്നുണ്ട്. സ്വന്തമായി സ്ഥലവും വീടും ഇല്ലാത്തവർക്കായി ലാൻഡ് ബാങ്ക് ആവിഷ്ക്കരിച്ചു
പത്തനംതിട്ട യൂണിയൻ ആവിഷ്ക്കരിച്ച ലാൻഡ് ബാങ്കിൽ ഏതാനും മാസങ്ങൾക്കകം 30 സെൻ്റ് സ്ഥലം ലഭിച്ചു. ഇവിടെ ഭവനരഹിതരായ 6 കുടുംബങ്ങൾക്ക് വീട് പണി ഉടൻ ആരംഭിക്കും. കിടപ്പ് രോഗികൾക്കായി പാലിയേറ്റീവ് കെയർ സർവ്വീസും ഉടൻ ആരംഭിക്കും.
സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള, പഠനത്തിൽ മികവുള്ള വിദ്യാർത്ഥികളെ എൻ എസ് എസ് യൂണിയൻ ദത്തെടുത്ത് പഠനം പൂർത്തിയാക്കാൻ സഹായിക്കുന്നുണ്ട്. അത്തരത്തിൽ യൂണിയൻ്റെ ഇടപെടലിലൂടെ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിനി കഴിഞ്ഞവർഷം എംജി യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് വിഷയത്തിൽ ഒന്നാം റാങ്കിൽ പാസായതിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൽ അഡ്വ. ഹരിദാസ് ഇടത്തിട്ട പറഞ്ഞു.
ആലുങ്കൽ എൻ എസ് എസ് കരയോഗം പ്രസിഡൻ്റ് വി പി മനോജ്കുമാറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തന്ത്രി ലാൽ പ്രസാദ് ഭട്ടതിരിപ്പാട് അനുഗ്രഹപ്രഭാഷണം നടത്തി. പത്തനംതിട്ട എൻ എസ് എസ് താലൂക്ക് യൂണിയൻ സെക്രട്ടറി എൻ ഷാബു, പ്രതിനിധി സഭാംഗം ജി. കൃഷ്ണകുമാർ , വിജയലഷ്മി കാരണവർ, കെ ജി സുരേഷ്കുമാർ, ശ്രീകാന്ത് കളരിക്കൽ, രാജ് വ് ടി വി , അഭിലാഷ് കെ നായർ, രതീഷ് കുമാർ പി എസ്, അജയ് രാജ് ആർ , എ കെ ഉണ്ണികൃഷ്ണൻനായർ, മായാ ശ്രീ എന്നിവർ പ്രസംഗിച്ചു.