തിരുവല്ല: ഓതറ പുതുക്കുളങ്ങര പടയണി കോലം തുള്ളൽ തുടങ്ങിയിട്ട് ഒൻപതാം ദിവസമാണ് നാളെ (25). തിരഞ്ഞെടുപ്പ് കാലത്തെ പുതുക്കുളങ്ങര പടയണിക്കും പ്രാധാന്യമുണ്ട്. ക്ഷേത്രം സ്ഥിതി ചെയ്യുന്നത് പത്തനംതിട്ട ജില്ലയിലെ ആറന്മുള മണ്ഡലത്തിലാണെങ്കിലും തൊട്ടപ്പുറം തിരുവല്ല, ചെങ്ങന്നൂർ മണ്ഡലങ്ങളാണ്. ഈ മൂന്ന് മണ്ഡലങ്ങളിലെയും രാഷ്ട്രീയപ്രവർത്തകരും വോട്ടർമാരും ഇവിടെ ഒത്തുകൂടുന്നു എന്ന പ്രത്യേകതയുമുണ്ട്.
പുലരുവോളം നീളുന്ന പടയണിയിൽ കാലൻ കോലങ്ങളാണ് വഴിപാടുകൾ ഏറെയെങ്കിലും ഭൈരവിക്കോലം, മറുത, തുടങ്ങിയ കോലങ്ങളും വഴിപാടായി നടത്താറുണ്ട്. രോഗ പീഢകൾ ഒഴിക്കാനായാണ് മറുതക്കോലങ്ങളുടെ വഴിപാട് പുതുക്കുളങ്ങര പടയണിയിൽ നടന്നുവരുന്നത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കരി മറുതക്കോലങ്ങൾ കളം നിറഞ്ഞാടി.
അമ്മ സങ്കല്പത്തിലുള്ള കോലമായാണ് കരിമറുതക്കാലത്തെ കരുതുന്നത്. വസൂരിയെ അകറ്റുന്നതിനുള്ള പ്രാർഥനയായാണ് മറുതക്കോലങ്ങളെ പാടിത്തുള്ളി അവതരിപ്പിക്കുന്നത്. കൈലാസ മാമല മേൽ നിന്ന്. കാലകേശി മറുത വന്നേ … എന്ന് പാടുമ്പോൾ പതിഞ്ഞ താളത്തിൽ തുടങ്ങി ചടുലതാളത്തിലേക്ക് മാറുന്ന കരിമറുതക്കോലങ്ങൾ മുറവും ഉലക്കയും ഏന്തിയാണ് കളത്തിലെത്തുന്നത്.
മറുതക്കോലങ്ങൾ തിരുവാതിര കളിക്കുന്നതും അവതരണത്തിലെ മറ്റൊരു നാടകീയതയാണ്. പങ്കജാക്ഷൻ കടൽ വർണൻ” തുടങ്ങിയ തിരുവാതിരപ്പാട്ടുകളാണ് മറുതയുടെ തിരുവാതിരക്കളിയിൽ പാടുന്നത്. പിത്തം പനിയുഷ്ണം വിയർപ്പും ചൂടും പീഢവരുത്താതെ പൊറുക്കണം മറുതമാരേ ” എന്നാണ് പാട്ടിലൂടെയുള്ള മറ്റൊരു പ്രാർഥന.
കരിമറുതക്കോലങ്ങൾ മുറം കൊണ്ട് പാറ്റിയും ഉലക്ക കൊണ്ട് നെല്ല് കുത്തിയും കുഞ്ഞിനെ പാലൂട്ടിയും ആകാംക്ഷ നിറഞ്ഞ പ്രകടനമാണ് കാഴ്ച്ചവയ്ക്കുന്നത്. നർമ്മവും ഭക്തിയും നാടകീയതയും നിറഞ്ഞ കരിമറുതക്കുട്ടങ്ങൾ 26ന് നടക്കുന്ന സമാപന പടയണിയിലും കളം നിറയും.






