എടത്വ : മാതാപിതാക്കള്‍ കുട്ടികളുമായി ആശയവിനിമയം നടത്തുന്നവരാകണമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളി പ്രത്യാശഭവനം ജൂബിലി വര്‍ഷം ജീവകാരുണ്യ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം.
കുട്ടികളില്‍ ലഹരി ഉപയോഗം കൂടി വരുകയാണ്. ഇവര്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് സ്വപ്നലോകത്താണ്. കുടുംബ ജീവിതങ്ങള്‍ തകര്‍ന്ന് കൊണ്ടിരിക്കുകയാണ്. കുടുംബഭദ്രതയുടെ കുറവുണ്ട്. ഭദ്രത കാത്തുസൂക്ഷിക്കണം. കുടുംബങ്ങളിലെ അനാത്വത്തിന്റെ കാരണങ്ങള്‍ നമ്മള്‍ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
എടത്വ പള്ളിയില്‍ ലഭിക്കുന്നതിന്റെ 40-50 ശതമാനത്തിലധികം തുക പാവപെട്ടവര്‍ക്ക് നല്‍കുന്നു. 3.5 കോടിയിലധികം രൂപ മുടക്കി പാവപെട്ടവര്‍ക്ക് വീട് വച്ച് നല്‍കുന്ന ഈ പദ്ധതിക്ക് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നതായും ഇടവക സമൂഹം യേശുക്രിസ്തു പഠിപ്പിച്ചതാണ് നടപ്പിലാക്കുന്നത്. ഇവിടെ ദൈവം കാണും. എടത്വ പള്ളി പാലം പുതുക്കി പണിയുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ചങ്ങനാശ്ശേരി അതിരൂപതാ മുന്‍ മെത്രാപ്പോലീത്താ മാര്‍ ജോസഫ് പെരുന്തോട്ടം അടിസ്ഥാന ശിലാ വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിച്ചു. ചങ്ങനാശ്ശേരി അതിരൂപതാ മുഖ്യ വികാരി ജനറാള്‍ ഫാ. ആന്റണി ഏത്തയ്ക്കാട് അധ്യക്ഷത വഹിച്ചു. വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ പദ്ധതി വിശദീകരിച്ചു.
ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി, എടത്വ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ബിജോയ്, കൈക്കാരന്‍മാരായ ജെയ്‌സപ്പന്‍ മത്തായി കണ്ടത്തില്‍, പി.കെ. ഫ്രാന്‍സീസ് കണ്ടത്തില്‍പറമ്പില്‍ പത്തില്‍, ജെയിംസുകുട്ടി കന്നേല്‍ തോട്ടുകടവില്‍, കണ്‍വീനര്‍ ജോസിമോന്‍ അഗസ്റ്റിന്‍, സെക്രട്ടറി ആൻസി ജോസഫ് മുണ്ടകത്തിൽ റോസ്ഭവൻ, നിര്‍മ്മാണ കമ്മിറ്റി അംഗങ്ങളായ ടോമിച്ചന്‍ പറപ്പള്ളി, സാം സഖറിയ വാതല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളിയുടെ നേതൃത്വത്തില്‍ വാസയോഗ്യമായ സ്വന്തം ഭവനമില്ലാത്ത വേദനിക്കുന്ന കുടുംബങ്ങള്‍ക്കാണ് പ്രത്യാശ ഭവനങ്ങള്‍ ഒരുക്കുന്നത്. ഒന്‍പത് കുടുംബങ്ങള്‍ക്ക് സ്വന്തമായി ഭൂമിയും വീടും ഉള്‍പ്പടെ 29 പുതിയ വീടുകളും 40 വീടുകള്‍ പുതുക്കി പണിതും, സര്‍ക്കാര്‍ ലൈഫ് പദ്ധതിയില്‍പ്പെട്ട 40 വീടുകള്‍ക്ക് 2 ലക്ഷം രൂപ വീതം ധന സഹായമേകിയും നടപ്പാക്കുന്ന 5 കോടി രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നത്