ന്യൂഡൽഹി : പാർലമെന്റ് വർഷകാല സമ്മേളനം ആരംഭിച്ചു.ബിജെപി നേതാവ് സി.സദാനന്ദന്‍ മാസ്റ്റർ രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. മലയാളത്തിൽ സത്യവാചകം ചൊല്ലിയ അദ്ദേഹം ദൈവ നാമത്തിലാണ് പ്രതിജ്ഞയെടുത്തത്. സാമൂഹിക സേവന രംഗത്തും, വിദ്യാഭ്യാസ മേഖലയിലും സി. സദാനന്ദൻ മാസ്റ്റർ പ്രചോദനമാണെന്ന് സത്യപ്രതിജ്ഞയ്‌ക്ക് മുന്നോടിയായുള്ള സ്വാഗത സന്ദേശത്തിൽ സഭാദ്ധ്യക്ഷനായ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ പറഞ്ഞു.
അതേസമയം ,സമ്മേളനത്തിന്റെ ആദ്യദിനം ലോക്‌സഭയിൽ പ്രതിപക്ഷ ബഹളം. .ഹൽഗാം ഭീകരാക്രമണം ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധത്തെ തുടർന്ന് സഭ രണ്ടുമണി വരെ നിർത്തിവച്ചു.
ഓപ്പറേഷൻ സിന്ദൂറിലൂടെ ഭാരതത്തിന്റെ സൈനിക ശക്തി ലോകം അറിഞ്ഞുവെന്നും ഭീകര കേന്ദ്രങ്ങൾ മിനിറ്റുകൾക്കുള്ളിൽ ആക്രമിച്ച് തകർത്തെന്നും പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോൾ പ്രധാനമന്ത്രി പറഞ്ഞു .