തിരുവല്ല: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന കുട്ടികളുടെ ഹരിത സഭ ജില്ലാ പഞ്ചായത്ത് അംഗം മായ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഏബ്രഹാം തോമസ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളെയും ഹരിത വിദ്യാലയങ്ങളായി ചടങ്ങിൽ പ്രഖ്യാപിച്ചു. മികച്ച ഹരിത വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ട ഇടിഞ്ഞില്ലം ഗവൺമെന്റ് എൽ പി സ്കൂളിനുള്ള പുരസ്കാരം യോഗത്തിൽ വിതരണം ചെയ്തു. സ്കൂളിലെ വിദ്യാർഥികളും പിടിഎയും അധ്യാപകരും ചേർന്ന് തയ്യാറാക്കിയ പേപ്പർ ക്യാരി ബാഗുകളുടെയും തുണിസഞ്ചികളുടെയും വിതരണ കർമ്മം പഞ്ചായത്ത് പ്രസിഡണ്ട് നിർവഹിച്ചു.
വിവിധ സ്കൂളുകളുടെ മാലിന്യ സംസ്കരണ പ്രവർത്തന റിപ്പോർട്ട് വിദ്യാർത്ഥി പ്രതിനിധികൾ യോഗത്തിൽ അവതരിപ്പിച്ചു. ഗവൺമെന്റ് എൽ പി സ്കൂൾ മേപ്രാൽ മികച്ച റിപ്പോർട്ടിനുള്ള അംഗീകാരം കരസ്ഥമാക്കി. ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, സ്കൂൾ അധ്യാപകർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ പ്രസംഗിച്ചു.