പന്തളം : ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് പന്തളം ഇടത്താവളത്തില്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജനം പൂര്‍ണമായി നടപ്പാക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍
പന്തളം വലിയകോയിക്കല്‍ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ചേര്‍ന്ന അവലോകനയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്രപരിസരത്ത് പ്ലാസ്റ്റിക് വസ്തുക്കള്‍, പേപ്പര്‍ പ്ലേറ്റ്-കപ്പ് തുടങ്ങിയവയുടെ ഉപയോഗം തടയും. കടകളില്‍ നഗരസഭ, പോലിസ്, റവന്യൂ സംയുക്തപരിശോധന നടത്തും. ദേവസ്വം ബോര്‍ഡ്, നഗരസഭ, കൊട്ടാരം ഉപദേശകസമിതി എന്നിവയുടെ നേതൃത്വത്തില്‍ ക്ഷേത്ര പരിസരത്തെ കാട് വെട്ടിതെളിക്കാനും ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ പന്തളത്ത് ഒന്‍പത് ബയോ ടോയ്ലറ്റുകള്‍ സ്ഥാപിക്കാനും നിർദേശം നൽകി.
ഇടത്താവളത്തിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്നവരെ ദേവസ്വം ബോര്‍ഡ് നിയോഗിക്കണം.
മണികണ്ഠന്‍ ആല്‍ത്തറയില്‍ നിന്ന് കെഎസ്ആര്‍ടിസി രാത്രികാല സര്‍വീസ് നടത്തണം. അച്ചന്‍കോവിലാറ്റില്‍ മേജര്‍ ഇറിഗേഷന്റെ നേതൃത്വത്തില്‍ വേലികള്‍ സ്ഥാപിച്ച് സുരക്ഷിതമാക്കണം.
തീര്‍ഥാടനകാലം കണക്കിലെടുത്ത് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നിശ്ചിതപ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. അടുത്ത മാസം യോഗംചേര്‍ന്ന് അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ പരിധിയില്‍ വിശുദ്ധി സേനയുടെ പ്രവര്‍ത്തനവും ഏകോപനവും ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ പറഞ്ഞു. പ്രവൃത്തികള്‍ക്ക് ഭരണാനുമതി, സാങ്കേതികാനുമതി എന്നിവ ലഭിക്കാനുള്ളത് വകുപ്പുകളുടെ കൃത്യതയോടെയുള്ള തുടര്‍നടപടികളിലൂടെ കാലതാമസം കൂടാതെ പൂര്‍ത്തിയാക്കണം.
തീര്‍ഥാടനത്തിന് മുമ്പ് ഒരോ വകുപ്പിന്റെയും യോഗം പ്രത്യേകമായിചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമെന്നും വ്യക്തമാക്കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം എ. അജികുമാര്‍, പന്തളം നഗരസഭാധ്യക്ഷ സുശീല സന്തോഷ്, അടൂര്‍ ആര്‍.ഡി.ഒ ബി. രാധാകൃഷ്ണന്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആര്‍. രാജലക്ഷ്മി, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, പന്തളം കൊട്ടാരം പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു