തിരുവനന്തപുരം : മുൻ രാഷ്‌ട്രപതി ഡോ.കെ.ആര്‍.നാരായണന്റെ പ്രതിമ രാജ്ഭവനില്‍ രാഷ്‌ട്രപതി ദ്രൗപതി മുർമു അനാച്ഛാദനം ചെയ്തു.രാജ്യത്തിന് മഹത്തായ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു കെ. ആർ നാരായണനെന്ന് രാഷ്‌ട്രപതി അനുസ്മരിച്ചു.ചടങ്ങിൽ മുന്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, ബിഹാര്‍ ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
രാജ്ഭവനിൽ അതിഥി മന്ദിരത്തോടു ചേർന്നുള്ള സ്ഥലത്താണ് കെ.ആർ. നാരായണന്റെ മൂന്നടി ഉയരമുള്ള അർദ്ധകായ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിനായിരുന്നു നിർമാണച്ചുമതല. ഫൈൻ ആർട്സ് കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഇ.കെ. നാരായണൻ കുട്ടിയുടെ മേൽനോട്ടത്തിൽ ശില്പി സിജോയാണ് പ്രതിമയുടെ രൂപകൽപ്പന നിർവഹിച്ചത് .
രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായിരിക്കേയാണ് രാജ്ഭവനിൽ കെ.ആർ. നാരായണന്റെ ഒരു പ്രതിമ സ്ഥാപിക്കണമെന്ന നിർദേശം കേരള ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാന് നൽകിയത് .നാല് ദിവസത്തെ സന്ദർശനത്തിനായി സംസ്ഥാനത്ത് എത്തിയ രാഷ്‌ട്രപതിയുടെ ഇന്നത്തെ ആദ്യത്തെ പരിപാടിയായിരുന്നു കെ. ആർ നാരായണന്റെ പ്രതിമ അനാച്ഛാദനം.