തിരുവല്ല : വിൽപനയ്ക്ക് സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങൾ പുളിക്കീഴ് പോലീസ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. നെടുമ്പ്രം കല്ലുങ്കൽ കാഞ്ഞിരത്തുമ്മൂട്ടിൽ ജോൺസൺ കോശി (43) യാണ് പിടിയിലായത്.
പുളിക്കീഴ് എസ് ഐ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം, രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ കടയോട് ചേർന്നുള്ള പ്രതിയുടെ വീട്ടിൽ നിന്നും ഹാൻസ്, കൂൾ ഇനങ്ങളിൽപ്പെട്ട പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തു. 15 ചെറുപൊതികൾ ഉൾപ്പെടെ ഒരു പാക്കറ്റ് ഹാൻസ്, 8 ചെറുപൊതികൾ അടങ്ങിയ 2 പാക്കറ്റ് കൂൾ, 20 ഗ്രാം വീതമടങ്ങിയ 6 ഹാൻസ് പാക്കറ്റ് എന്നിവയാണ് പിടിച്ചെടുത്തത്.
ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശമനുസരിച്ച്, ലഹരിവസ്തുക്കളുടെ കടത്തും അനധികൃതവില്പനയും തടയുന്നതിനുള്ള ശക്തമായ നടപടികൾ ജില്ലയിൽ തുടർന്നുവരികയാണ്. രഹസ്യവിവരം കൈമാറിയതിനെതുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. സി പി ഓമാരായ അലോക്, റിയാസ്, ശ്രീജ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത് .