ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ക്വാഡ് നേതാക്കൾ.വാഷിങ്ടനിൽ നടന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.ഇന്ത്യ,യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന കൂട്ടായ്മയാണ് ക്വാഡ് .
ഭീകരാക്രമണത്തെ ക്വാഡ് ശക്തമായി അപലപിക്കുകയും ഇതിനുപിന്നിൽ പ്രവർത്തിച്ച ആസൂത്രകരെയും ഭീകരരെയും സാമ്പത്തിക സഹായം നൽകിയവരെയും എത്രയും വേഗത്തിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഭീകരതയെ പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് എല്ലാ അവകാശവുമുണ്ടെന്നും ഇന്ത്യ ആ അവകാശം വിനിയോഗിക്കുമെന്നും യോഗത്തിൽ പങ്കെടുത്ത വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി .






