തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായതോടെ വിവിധ ജില്ലകളില്‍ ജാഗ്രതാ മുന്നറിയിപ്പ്. തെക്കൻ അറബിക്കടലില്‍ കേരള തീരത്തോട് ചേർന്നുള്ള ന്യൂനമർദവും ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമർദ്ദവുമാണ് മഴ കനക്കാൻ കാരണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ബംഗാള്‍ ന്യൂന മർദ്ദം തീവ്ര ന്യൂന മർദ്ദമായി മാറിയതായും അതിശക്തമായ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഇത് അതി ശക്തമായ ചുഴലിക്കാറ്റായി മാറി ബുധനാഴ്ച രാവിലെയോടെ ആന്ധ്രാപ്രദേശ്-യാനം തീരങ്ങള്‍ക്കിടയിലൂടെ വിശാഖ പട്ടണത്തിനും ബാപട്‌ലക്കും ഇടയില്‍ ചുഴലിക്കാറ്റായി മാറും. മണിക്കൂറില്‍ 140 കിലോമീറ്റർ വരെ വേഗതയില്‍ കരതൊടാനും സാധ്യതയുണ്ട്.
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40-50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം ജില്ലയില്‍ നഗരത്തിലടക്കം കനത്ത മഴ തുടരുകയാണ്. ശക്തമായ മഴക്ക് പിന്നാലെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ മിക്കയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലർട്ട് നല്‍കിയിരിക്കുന്നത്.





