അയോദ്ധ്യ:രാമനവമി ദിനമായ ഇന്ന് രാംലല്ലയുടെ സൂര്യ അഭിഷേക് ഉച്ചയ്‌ക്ക് 12.15ഓടെ നടക്കും.നാല് മിനിറ്റ് സമയത്തോളം ഈ പ്രതിഭാസം നീണ്ടുനിൽക്കും.സിബിആർഐ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത സംവിധാനത്തിലൂടെയാണ് അയോധ്യ രാമക്ഷേത്രത്തിലെ സൂര്യഅഭിഷേക് ചടങ്ങുകൾ നടക്കുക.
സൂര്യരശ്മികൾ ആദ്യം ക്ഷേത്രത്തിന്റെ മുകൾനിലയിലുള്ള കണ്ണാടിയിൽ പതിക്കും. അവിടെ നിന്ന് മൂന്ന് ലെൻസുകളുടെ സഹായത്തോടെ രണ്ടാം നിലയിലുള്ള മറ്റൊരു കണ്ണാടിയിലേക്ക് നയിക്കുകയും അവിടെനിന്ന് രാം ലല്ലയുടെ നെറ്റിയിൽ പതിക്കുകയും ചെയ്യും.ഈ ഒപ്‌റ്റോ-മെക്കാനിക്കൽ സംവിധാനത്തിലൂടെ രാംലല്ലയുടെ നെറ്റിയുടെ മധ്യഭാഗത്ത് 4 മിനിറ്റ് നേരമാണ് 75 മില്ലിമീറ്റർ നീളത്തിലുള്ള സൂര്യതിലകം ചാർത്തുന്നത്.
സൂര്യ അഭിഷേക’ത്തിൻ്റെ വിജയം ഉറപ്പാക്കാൻ റൂർക്കിയിലെ സിബിആർഐ വിദഗ്ധർ അയോധ്യയിൽ ക്യാമ്പ് ചെയ്യുകയാണ് .റൂർക്കിയിലെ സിബിആർഐ ഡയറക്ടർ പ്രൊഫ പ്രദീപ് കുമാർ രാമഞ്ചർള, പ്രൊഫ ദേവദത്ത് ഘോഷ് എന്നിവർ പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നു.
പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ രാമനവമി ആഘോഷമാക്കുകയാണ് അയോദ്ധ്യ. ഭക്തരെ വരവേൽക്കുന്നതിനായി അയോദ്ധ്യയിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.