തിരുവനന്തപുരം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ജനുവരി 27 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തും. കടയടപ്പ് സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഭക്ഷ്യ മന്ത്രി ജി.ആർ.അനിൽ റേഷൻ വ്യാപാരികളുടെ സംയുക്ത സമരസമിതിയുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ വേതന പാക്കേജ് പരിഷ്കരിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചില്ല. തുടർന്ന് സമരതീരുമാനവുമായി വ്യാപാരികൾ മുന്നോട്ട് പോകുകയായിരുന്നു .
അതേസമയം,ജനങ്ങളുടെ അന്നം മുട്ടിക്കുന്ന സമരപരിപാടികളിൽ നിന്നും റേഷൻ വ്യാപാരികൾ പിൻതിരിയണമെന്ന് ഭക്ഷ്യ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭ്യർത്ഥിച്ചു. വ്യാപാരികൾ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങൾക്ക് പരിഹാരം കാണുന്നതിന് ധനമന്ത്രിയുടെ സമയം കൂടി കണ്ടെത്തി വീണ്ടും ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്ന് മന്ത്രി അറിയിച്ചു .കമ്മീഷൻ തുക വർധിപ്പിക്കുന്നത് ഉൾപ്പടെയുള്ള ആവശ്യങ്ങൾ സർക്കാരിന്റെ നിലവിലെ സാമ്പത്തിക ബുദ്ധിമുട്ട് മാറുന്ന മുറയ്ക്ക് പരിഗണിക്കാൻ കഴിയുന്നതാണെന്നും സാധാരണക്കാരായ ജനങ്ങൾക്ക് ഭക്ഷ്യധാന്യ വിതരണം തടസപ്പെടുത്തിക്കൊണ്ടുള്ള പണിമുടക്കിനെ ഗൗരവമായി കാണുന്നുവെന്നും മന്ത്രി പറഞ്ഞു .