Wednesday, October 21, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryപൂവത്തൂർ കിഴക്ക്...

പൂവത്തൂർ കിഴക്ക് പള്ളിയോടം പുനർനിർമ്മാണം; ആദ്യ സംഭാവന കൈമാറി

കോഴഞ്ചേരി :  ആറന്മുള പള്ളിയോട പാരമ്പര്യത്തിന്റെ ഭാഗമായി ചരിത്രപ്രാധാന്യമുള്ള പൂവത്തൂർ കിഴക്ക് പള്ളിയോടം പുനർനിർമിക്കുന്നു. പൂവത്തൂർ 577-ാം നമ്പർ നീലകണ്ഠവിലാസം എൻ.എസ്.എസ്. കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള പള്ളിയോടത്തിന്റെ പുനർനിർമാണം നാട്ടുകാരുടെ സഹകരണത്തോടെ പള്ളിയോട നിർമാണസമിതിയുടെ നേതൃത്വത്തിലാണ് നടത്തുന്നത്.  വിജയദശമി ദിനത്തിൽ നിർമാണത്തിനുള്ള ആദ്യ സംഭാവന കൈമാറിയതോടെ പുതിയ പള്ളിയോടത്തിന്റെ നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കമായി.

പൂവത്തൂർ പന്നിപ്രയാർ ക്ഷേത്രനടയിൽ വിജയദശമി ദിനമായ ഇന്ന് രാവിലെ ആയിരുന്നു ചടങ്ങ്. പനങ്ങാട്ട് എൽ. ഉമയിൽനിന്ന് പള്ളിയോട നിർമാണസമിതി പ്രസിഡന്റ് സുരേഷ് കുമാർ കിഴക്കേടത്തുവടക്കേതിൽ ആദ്യ സംഭാവന ഏറ്റുവാങ്ങി. നിർമാണസമിതി ഭാരവാഹികൾ, നീലകണ്ഠവിലാസം എൻ.എസ്.എസ്. കരയോഗം ഭാരവാഹികൾ, നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പ്രശസ്ത പള്ളിയോട ശിൽപി ചങ്ങങ്കരി വേണു ആചാരിയുടെ നേതൃത്വത്തിലാണ് പുതിയ പള്ളിയോടത്തിന്റെ നിർമാണം. പൂവത്തൂർ പടനിലത്തിൽ ഇതിനായി ഒരുക്കുന്ന മാലിപ്പുരയിലാണ് നിർമാണപ്രവർത്തനങ്ങൾ നടക്കുക. പഴയ പള്ളിയോടത്തിന്റെ തനിമയും രൂപഭംഗിയും പരമാവധി നിലനിർത്തി അതേ മാതൃകയിൽ പുതിയ പള്ളിയോടം നിർമിക്കാനാണ് ലക്ഷ്യമിടുന്നത്.

175 വർഷത്തിലേറെ പഴക്കമുള്ള പള്ളിയോടത്തിന്റെ പാരമ്പര്യം സംരക്ഷിക്കുന്നതിനൊപ്പം ആറന്മുളയുടെ സാംസ്കാരിക പൈതൃകത്തിന് അനുയോജ്യമായ രീതിയിൽ നിർമാണം പൂർത്തിയാക്കാനാണ് ശ്രമം. പരമ്പരാഗത പള്ളിയോട നിർമാണരീതികളും ശിൽപവൈദഗ്ധ്യവും ഒത്തുചേരുന്ന ഈ പ്രവർത്തനത്തിൽ കരക്കാരുടെയും നാട്ടുകാരുടെയും കൂട്ടായ്മ നിർണായകമാണ്.

പുതുതായി നിർമിക്കുന്ന പള്ളിയോടം ബി. ബാച്ചിൽ ഉൾപ്പെടുന്നതാണ്. 41¼ കോൽ നീളവും 61 അംഗുലം ഉടമയും 18 അടി അമരക്കിളർച്ചയുമാണ് പള്ളിയോടത്തിന്റെ അളവുകൾ. പരമ്പരാഗത അളവുകളും രൂപഘടനയും പാലിച്ചായിരിക്കും നിർമാണം.

പള്ളിയോടങ്ങൾ ആറന്മുളയുടെ മതപരവും സാംസ്കാരികവുമായ ജീവിതത്തിൽ സവിശേഷ സ്ഥാനമുള്ളവയാണ്. ഉത്തൃട്ടാതി വള്ളംകളിയിലും പമ്പാനദിയുമായി ബന്ധപ്പെട്ട ആചാരങ്ങളിലും പള്ളിയോടങ്ങൾക്കുള്ള പങ്ക് വലുതാണ്. ഓരോ കരയുടെയും അഭിമാനവും കൂട്ടായ്മയുടെ പ്രതീകവുമായ പള്ളിയോടങ്ങളുടെ സംരക്ഷണം അതത് കരക്കാർക്ക് പ്രധാന ഉത്തരവാദിത്വവുമാണ്.

പുതിയ പള്ളിയോടത്തിന്റെ നിർമാണം അടുത്ത ഓണത്തിന് മുമ്പ് പൂർത്തിയാക്കി നീറ്റിലിറക്കാനാണ് നിർമാണസമിതിയുടെ ലക്ഷ്യം. ഇതിനാവശ്യമായ പ്രവർത്തനങ്ങൾ നാട്ടുകാരുടെ സഹകരണത്തോടെ മുന്നോട്ടുകൊണ്ടുപോകും. നിർമാണച്ചെലവിനായി കൂടുതൽ സംഭാവനകളും ജനപങ്കാളിത്തവും ആവശ്യമായി വരും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വടശ്ശേരിക്കരയിൽ ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് അപകടം: യുവാവ് മരിച്ചു

പത്തനംതിട്ട: ബൈക്ക് നിയന്ത്രണം വിട്ട്  തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. തലച്ചിറ സ്വദേശി അദ്വൈത് (29)ആണ് മരിച്ചത്. വടശ്ശേരിക്കര ചെങ്ങറ മുക്ക് ഓട്ടോ സ്റ്റാൻഡിന് എതിർവശത്തുള്ള തോട്ടിലാണ് അപകടമുണ്ടായത്. ​കഴിഞ്ഞദിവസം രാത്രി 12 ന്...

തമിഴ് വിശ്വകർമ്മ സമൂഹം സെക്രട്ടറിയേറ്റ് ധർണ്ണ നടത്തി

തിരുവനന്തപുരം : വിശ്വകർമ്മജരെ ജാതിയമായി അധിക്ഷേപിച്ചു പരസ്യം ചെയ്ത പാലക്കാട് ട്രീനിറ്റി ഗോൾഡ് ഉടമയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തമിഴ് വിശ്വകർമ്മ സമൂഹം നടത്തിയ സെക്രട്ടറിയേറ്റ് ധർണ്ണ നടത്തി. തമിഴ് വിശ്വകർമ്മ...
- Advertisment -

Most Popular

- Advertisement -