തിരുവല്ല: മാർത്തോമ്മ കോളേജിൽ ‘ജീവശാസ്ത്ര ഗവേഷണത്തിൽ ആർട്ടിഫിഷ്യല്‍ ഇന്റലിജെന്‍സിന്റെയും, മെഷീന്‍ ലേണിങ്ന്റെയും പങ്കിനെക്കുറിച്ച് ഏകദിന പ്രഭാഷണം സംഘടിപ്പിച്ചു. കോളേജ് ബയോസയൻസ് വിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ കോളേജിലെ പൂര്‍വ്വവിദ്യാർത്ഥിയും, അമേരിക്കയിലെ പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ സീനിയർ ഗവേഷകനുമായ ഡോ. ഈപ്പന്‍ ഡാനിയല്‍ മുഖ്യ പ്രഭാഷണം നടത്തി.
ജനിതക വിവരങ്ങൾ വിശകലനം ചെയ്യൽ മുതൽ പുതിയ മരുന്നുകളുടെ കണ്ടുപിടിത്തം വരെയുള്ള എല്ലാ മേഖലകളിലും എ.ഐ. എങ്ങനെ ഒരു അനിവാര്യ ഘടകമായി മാറിയിരിക്കുന്നു എന്ന് അദ്ദേഹം വിശദീകരിച്ചു. ‘ഏറ്റവും സങ്കീർണ്ണവും വലിയ അളവിലുള്ളതുമായ ജൈവഡാറ്റ സെറ്റുകൾ കൈകാര്യം ചെയ്യുകയും അവയിൽ നിന്ന് അർത്ഥപൂർണ്ണമായ പാറ്റേണുകൾ കണ്ടെത്തുകയും ചെയ്യുന്നതിൽ എ.ഐക്കുള്ള കഴിവാണ് ഇന്നത്തെ ഗവേഷണത്തിന് വേഗത കൂട്ടുന്നത്,’ ഡോ. ഈപ്പന്‍ ഡാനിയല്‍ പറഞ്ഞു.
കോളേജില്‍ നടന്ന ഉദ്ഘാടന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. മാത്യു വര്‍ക്കി ടി. കെ. അധ്യക്ഷത വഹിച്ചു. കോളേജ് ട്രഷറാർ തോമസ് കോശി, ബോട്ടണി വിഭാഗം മേധാവി പ്രൊഫ. റെനോഷ് ടോം വര്‍ഗ്ഗീസ്, ബയോസയൻസ് ഡയറക്ടർ പ്രൊഫ. തോമസ് മാത്യു, പ്രൊഫ.ആർ ഹരീഷ്, പ്രോഗ്രാം കണ്‍വീനര്‍ ഡോ. ഹെലന്‍ റൈസ ലാൽ എന്നിവർ പ്രസംഗിച്ചു.