കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പഞ്ചലോഹ വിഗ്രഹക്കടത്തിലെ പങ്കാളിത്തം സംശയിക്കുന്ന ദിണ്ഡിഗല്‍ സ്വദേശി ഡി മണിയെ ചൊവ്വാഴ്ച എസ്‌ഐടി വീണ്ടും ചോദ്യം ചെയ്യും. ഡി മണിക്ക് സിം എടുത്ത് കൊടുത്ത ബാലമുരുകനും 30ന് എസ്‌ഐടിയുടെ ചോദ്യംചെയ്യലിന് നേരിട്ട് ഹാജരാകും.
ഡി മണിയുടെ സാമ്പത്തിക വളര്‍ച്ചയിലെ ദുരൂഹതയാണ് കൂടുതല്‍ വിശദമായി ചോദ്യം ചെയ്യാന്‍ എസ്‌ഐടിയെ പ്രേരിപ്പിച്ചത്. ഡി മണിയെ കസ്റ്റഡിയിലെടുക്കുമോ എന്നതടക്കമുള്ള കാര്യങ്ങള്‍ ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുക. സാധാരണ ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ ആയിരുന്ന മണി ആറ് വര്‍ഷം കൊണ്ടാണ് ഇന്ന് കാണുന്ന നിലയിലേക്ക് വളര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഡി മണിയുടെ പിന്നില്‍ ആരെങ്കിലും ഉണ്ടോ. വിഗ്രഹക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടോ. എന്നതടക്കം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് എസ്‌ഐടിയുടെ നീക്കം. ചോദ്യം ചെയ്യലില്‍ ഇക്കാര്യങ്ങളിലെല്ലാം കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് എസ്‌ഐടിയുടെ പ്രതീക്ഷ.
ഓട്ടോക്കാരനില്‍ നിന്ന് തുടങ്ങിയ മണി, റിയല്‍ എസ്റ്റേറ്റ്, ഫിനാന്‍സ്, ഗോള്‍ഡ് ലോണ്‍ തുടങ്ങിയ ബിസിനസുകളിലേക്ക് വളരുകയായിരുന്നു. ഒരുകാലത്ത് തിയറ്ററില്‍ കാന്റീന്‍ നടത്തി പോപ്കോണ്‍ കച്ചവടവും മണി നടത്തിയിരുന്നു. ഇയാളുടെ അതിവേഗത്തിലുള്ള വളര്‍ച്ച ഉള്‍പ്പെടെ എസ്ഐടി പരിശോധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.






