ചെങ്ങന്നൂർ: ശബരിമല മണ്ഡല മകര വിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും ഏകോപിപ്പിക്കുന്നതിനും ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ നഗരസഭ കോൺഫറൻസ് ഹാളിൽ അവലോകന യോഗം ചേർന്നു.
കഴിഞ്ഞ വർഷം ശബരിമല മണ്ഡല മകര വിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് മുൻ കരുതലും പ്രവർത്തനങ്ങളും ഭംഗിയായി ഏകോപിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളതായി യോഗം വിലയിരുത്തി. ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിനു സമീപം പമ്പാ നദിയിലെ പാറക്കടവിൽ തീർത്ഥാടകർ ഇറങ്ങുന്നത് നിരോധിച്ചിരുന്നെങ്കിലും രണ്ട് തീർത്ഥാടകർ കഴിഞ്ഞ മണ്ഡല കാലത്ത് മരിക്കാനിടയായതിനാൽ, അംഗീകൃത കടവുകളിൽ മാത്രമേ തീർത്ഥാടകർ കുളിക്കാൻ പാടുള്ളു എന്നു ഉറപ്പാക്കാൻ ദേവസ്വം, പൊലീസ് വകുപ്പുകളെ യോഗം ചുമതലപ്പെടുത്തി.
കടവുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്കൂബാ ഡൈവേഴ്സിൻ്റെ സേവനം അഗ്നി രക്ഷാസേന ഉറപ്പാക്കണം. സ്കൂബ സംഘത്തിന് താമസ സൗകര്യം, ഭക്ഷണം എന്നിവ സ്ഥലത്തു തന്നെ ക്രമീകരിക്കും.
കെഎസ്ആർടിസി, റയിൽവേ സ്റ്റേഷൻ എന്നീ സ്ഥലങ്ങൾ കൃത്യമായ ശുചീകരണം നഗരസഭ ഉറപ്പാക്കണം. കടവുകളിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്ന നടപടി ഒഴിവാക്കുന്നതിനായി എല്ലാ ഭാഷയിലും അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം. അയ്യപ്പഭക്തർ ആറാട്ട് കടവിൽ ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ നീക്കം ചെയ്യുന്നതിന് ഏജൻസിയെ നിയമിച്ച് ശുചീകരണത്തിന് പ്രത്യേക സംവിധാനം നഗരസഭയും ദേവസ്വം ബോർഡും ഒരുക്കും.
എല്ലാ കടവുകളിലും പ്രധാനപ്പെട്ട പാതയോരങ്ങളിലും മിനി മാക്സ് ലൈറ്റുകൾ, വഴിവിളക്കുകൾ എന്നിവ സ്ഥാപിക്കുന്നതിന് കെഎസ്ഇബി, നഗരസഭ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
കെഎസ്ആർടിസി ജീവനക്കാർക്ക് താമസിക്കുന്നതിന് റസ്റ്റ് ഹൗസിൽ മുറികൾ ഏർപ്പെടുത്തും.എക്സ് സർവ്വീസ് വിശ്രമ കേന്ദ്രത്തിലെ മുറികൾ അയ്യപ്പ ഭക്തർക്കായി തുറന്നു നൽകുന്നതിന് ആർഡിഒയെ ചുമതലപ്പെടുത്തി.
തീർത്ഥാടകർക്ക് റയിൽവേ സ്റ്റേഷനിൽ വൃത്തിയായ അടിസ്ഥാന സൗകര്യങ്ങളും ശുചിമുറി സൗകര്യങ്ങളും ഒരുക്കണം. റയിൽവേ സ്റ്റേഷനും പരിസരവും വൃത്തിയാക്കണം. മണ്ഡലകാലത്ത് നഗരസഭ റയിൽവേ സ്റ്റേഷനിൽ ഒരുക്കുന്ന വിവിധ കൗണ്ടറുകൾ തയ്യാറാക്കുന്നതിലേക്ക് സ്പോൺസർമാരുടെ വിവരങ്ങൾ അടങ്ങിയ ബോർഡ് പ്രദർ ശിപ്പിക്കുന്നതിന് ആർഡിഒ ഓഫീസുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കും.
ഭക്ഷണ വില, സാധനങ്ങളുടെ വില, വാഹന വാടക, ഭക്ഷണ മെനു എന്നിവ നിശ്ചയിക്കുന്നതിന് ഫുഡ് ആൻഡ് സേഫ്റ്റി, നഗരസഭ, ആരോഗ്യ വകുപ്പ്, പൊതുവിതരണം, ആർടിഒ ഉദ്യോഗസ്ഥരുടെ യോഗം ആർഡിഒ വിളിച്ചു ചേർക്കും. വഴിയോര കച്ചവടം മെയിൻ റോഡിൽ നിരോധിക്കും.
ചെങ്ങന്നൂർ നഗരത്തിലെ റോഡിൻ്റെ വശങ്ങളിലെ അനധികൃത പാർക്കിങ് ഒഴിവാക്കും. ചെങ്ങന്നൂർ നഗരസഭയ്ക്ക് മുൻ കാലങ്ങളിലെ പോലെ തന്നെ തീർത്ഥാടന സൗകര്യം ഒരുക്കുന്നതിനും ശുചീകരണത്തിനുമായി
25 ലക്ഷം രൂപ അനുവദിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.






