ശബരിമല : പൈങ്കുനി ഉത്ര ഉത്സവത്തിനും വിഷു മഹോത്സവത്തിനും മേടമാസ പൂജകൾക്കുമായി ഏപ്രിൽ ഒന്നിന് ശബരിമല ക്ഷേത്രനട ഏപ്രിൽ 1 -ന് തുറക്കും.
2 -ന് രാവിലെ 9.45നും 10.45നും മദ്ധ്യേ തന്ത്രി കണ്ഠര് രാജീവരര്, മകൻ കണ്ഠര് ബ്രഹ്മദത്തൻ, മേൽശാന്തി എസ്.അരുൺ കുമാർ നമ്പൂതിരി എന്നിവർ ചേർന്ന് ഉത്സവത്തിന് കൊടിയേറ്റും. കലശാഭിഷേകം, ഉച്ചപൂജ, മുളയിടീൽ, ദീപാരാധന, പടിപൂജ, അത്താഴപൂജ, ശ്രീഭൂതബലി എന്നിവയുണ്ടാകും.
എല്ലാദിവസവും രാവിലെ അഞ്ചിന് നട തുറക്കും. 10ന് പതിവ് പൂജകൾക്കും വിശേഷാൽ പൂജകൾക്കും പുറമേ പള്ളിവേട്ടയ്ക്ക് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത്. രാത്രി 10ന് പള്ളിവേട്ട കഴിഞ്ഞെത്തി പള്ളിക്കുറുപ്പ് ചടങ്ങ് ഉണ്ടാകും.
11-ന് ആറാട്ട്. രാവിലെ 7.30ന് ഉഷ പൂജയ്ക്കും ആറാട്ടുബലിക്കും ശേഷം 9ന് പമ്പയിലേക്ക് ആറാട്ട് പുറപ്പെടും. 11ന് പമ്പയിൽ നടക്കുന്ന ആറാട്ടിനുശേഷം പമ്പാഗണപതി കോവിലിലേക്ക് ദേവൻ എഴുന്നള്ളും.
വൈകിട്ട് ആറാട്ട് ഘോഷയാത്ര സന്നിധാനത്തേക്ക് മടങ്ങും. ഘോഷയാത്ര സന്നിധാനത്ത് എത്തിയശേഷം കൊടിയിറക്ക്, ആറാട്ട് കലശം, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ എന്നിവ നടക്കും. മേടവിഷു ഉത്സവം 10ന് തുടങ്ങും. 18ന് രാത്രി 10ന് ഹരിവരാസനം പാടി നടയടയ്ക്കും.