തിരുവനന്തപുരം : ആരോഗ്യ ടൂറിസത്തിന്റെയും ഹീൽ ഇൻ ഇന്ത്യയുടെയും കേന്ദ്രമായി ദക്ഷിണേന്ത്യ മാറുകയാണെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ, പാർലമെൻ്ററികാര്യ സഹമന്ത്രി ഡോ. എൽ മുരുഗൻ. തിരുവനന്തപുരത്തെ ശ്രീ ഉത്രാടം തിരുനാൾ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന്റെ 14-ാമത് ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെന്നൈ, കോയമ്പത്തൂർ, കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് മെഡിക്കൽ ടൂറിസത്തിന്റെ ഭാഗമായി വിദേശ രാജ്യങ്ങളിൽ നിന്ന് നിരവധി പേർ എത്തുന്നുണ്ടെന്ന് കേന്ദ്ര സഹമന്ത്രി ചൂണ്ടിക്കാട്ടി.2014 ന് മുൻപ് 387 മെഡിക്കൽ കോളേജ് എന്നതിൽ നിന്ന് 10 വർഷത്തിന് ശേഷം 750 ലധികം മെഡിക്കൽ കോളേജുകൾ എന്ന നിലയിലേക്ക് രാജ്യം വളർന്നു.മെഡിക്കൽ അടിസ്ഥാന സൗകര്യത്തിനായി കഴിഞ്ഞ 10 വർഷം 10 ലക്ഷം കോടി രൂപ ചിലവഴിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്‌യുടി അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് ചെയർമാൻ ഡോ. എ.സി. ഷൺമുഖം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ വിശിഷ്ടാതിഥിയായി.