തിരുവനന്തപുരം : ആരോഗ്യ സേവനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജി രാജ്യത്തിന് മാതൃകയാണെന്ന് കേന്ദ്ര ശാസ്ത്രസാങ്കേതിക-ഭൗമശാസ്ത്ര വകുപ്പ് സഹമന്ത്രിഡോ. ജിതേന്ദ്ര സിംഗ്.പ്രധാൻ മന്ത്രി സ്വാസ്‌ത്യ സുരക്ഷാ യോജനക്ക് (പിഎംഎസ്എസ് വൈ) കീഴിൽ തിരുവനന്തപുരത്ത് ശ്രീചിത്രയിൽ നിർമ്മിച്ച പുതിയ മന്ദിരത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ അടിസ്ഥാന സൗകര്യ മേഖലയിലെ വിടവ് നികത്തുകയാണ് പിഎംഎസ്എസ് വൈയുടെ ലക്ഷ്യമെന്ന് ചടങ്ങിനെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്ത കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി ജഗത് പ്രകാശ് നദ്ദ പറഞ്ഞു.വിവിധ ഗവണ്മെൻ്റ് മെഡിക്കൽ കോളേജുകളിൽ എഴുപത്തിയഞ്ച് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കുകൾക്ക് അംഗീകാരം ലഭിച്ചതായും, ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ₹3,000 കോടി അനുവദിച്ചതായും കേന്ദ്ര മന്ത്രി പറഞ്ഞു.
ചടങ്ങിൽ കേന്ദ്ര പെട്രോളിയം പ്രകൃതിവാത-ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായി.
ഒൻപത് നിലകളിലായി നിർമ്മിച്ചിരിക്കുന്ന കെട്ടിടത്തിന്റെ ആകെ വിസ്തൃതി 270000 ചതുരശ്ര അടിയാണ്. പൂർണ്ണമായും ശിതീകരിച്ച കെട്ടിടത്തിൽ തീവ്രപരിചരണ സേവനങ്ങൾക്ക് മാത്രമായി 130 കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ പേവാർഡിനായി 40 മുറികളുമുണ്ട്. പൂർണ്ണമായി പ്രവർത്തനസജ്ജമാകുമ്പോൾ ഒൻപത് അത്യാധുനിക ഓപ്പറേഷൻ തീയറ്ററുകൾ, എംആർഐ & സിടി സ്‌കാൻ വിഭാഗം, മൂന്ന് കാത്ത് ലാബുകൾ, സ്ലീപ് സ്റ്റഡി യൂണിറ്റ്, എക്കോകാർഡിയോഗ്രാഫി സ്യൂട്ട്, നോൺ- ഇൻവേസീവ് കാർഡിയോളജി ഇവാല്യൂവേഷൻ സ്യൂട്ട് മുതലായവയുണ്ടാകും.രോഗികൾക്കായി വെൽനസ് സെന്റർ, കൗൺസിലിംഗ് കേന്ദ്രങ്ങൾ, കഫറ്റീരിയ മുതലായവയും പുതിയ കെട്ടിടത്തിൽ സജ്ജമാക്കും.