കണ്ണൂർ: നടി ആക്രമിക്കപ്പെട്ട കേസ് പ്രോസിക്യൂഷൻ നന്നായി കൈകാര്യം ചെയ്തുവെന്നും നിയമപരമായ പരിശോധന നടത്തി തുടർ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അതിജീവിതയ്ക്ക് എല്ലാ പിന്തുണയും സർക്കാർ നൽകി. ഇനിയും അത് തുടരും.
അടൂർ പ്രകാശിന്റെ പ്രസ്താവന യുഡിഎഫ് നിലപാടാണ്. പൊതുസമൂഹം അങ്ങനെ ചിന്തിക്കുന്നില്ല. അപ്പീൽ സംബന്ധിച്ചും യുഡിഎഫ് കൺവീനർ വിചിത്രമായ മറുപടിയാണ് നൽകിയത്. നാടിന്റെ പൊതു വികാരത്തിനു എതിരായ പ്രസ്താവനയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ പ്രസ്സ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഗൂഢാലോചന സംബന്ധിച്ച് ദിലീപ് പറയുന്നത് അദ്ദേഹത്തിന്റെ തോന്നലുകളാണ്. പൊലീസ് തെളിവുകളുടെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോയത്. കോടതിയിലെ വാദങ്ങളെ കുറിച്ച് ഇപ്പോൾ പറയാൻ കഴിയില്ലെന്നും പിടി കുഞ്ഞുമുഹമ്മദിനെതിരായ ഇമെയിൽ സന്ദേശം കിട്ടിയ ഉടനെ കൈമാറിയിട്ടുണ്ടെന്നും അതിൽ കാല താമസം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
അതേസമയം, നടൻ ദിലീപിനെ പിന്തുണച്ചു കൊണ്ടുള്ള യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പ്രതികരണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് നേതാക്കൾ രംഗത്തെത്തി. അടൂർ പ്രകാശിനെ തള്ളിക്കൊണ്ടാണ് കെപിസിസിയുടെ പ്രതികരണം. കോൺഗ്രസ് അതിജീവിതക്കൊപ്പമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. സർക്കാർ അപ്പീൽ പോകണമെന്നാണ് നിലപാടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും ഗൂഢാലോചനക്ക് തെളിവ് നൽകാൻ സാധിച്ചില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. അടൂര്‍ പ്രകാശിന്‍റെ പ്രസ്താവന വ്യക്തിപരമായ പ്രസ്താവനയാണ്. കെപിസിസി ആ പ്രസ്താവന അംഗീകരിക്കുന്നില്ലെന്നും കോണ്‍ഗ്രസ് അതിജീവിതക്കൊപ്പമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് നീതി കിട്ടിയെന്നായിരുന്നു യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചത്. കലാകാരൻ എന്ന നിലയിൽ മാത്രമല്ല, വ്യക്തിയെന്ന നിലയിലും ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായി എന്ന് പറഞ്ഞ അടൂർ പ്രകാശ് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും വ്യക്തമാക്കി.






