പത്തനംതിട്ട : ശബരിമല വെർച്വൽ ക്യൂ ബുക്കിംഗിൽ അട്ടിമറി സാധ്യത കണക്കിലെടുത്ത് പമ്പയിൽ പ്രവേശന പാസ് പരിശോധന ആരംഭിക്കുമെന്ന് പൊലീസ് അറിയിച്ചു. തീർത്ഥാടകരുടെ കൈവശമുള്ള വെർച്വൽ ക്യൂ പാസ്, തിരിച്ചറിയൽ കാർഡ് നമ്പർ, ഫോൺ നമ്പർ, ദർശനത്തിന് എത്തുന്ന ഭക്തരുടെ തിരിച്ചറിയൽ രേഖകൾ എന്നിവയാണ് പരിശോധിക്കുന്നത്.
ദേവസ്വം ബോർഡിന്റെ വെർച്വൽ ക്യൂ പോർട്ടലിൽ ബുക്ക് ചെയ്തവർ തന്നെയാണോ ദർശനത്തിന് എത്തുന്നത് അതോ ഏജൻസികൾ മുഖേന പണം നൽകി പ്രവേശന പാസ് വാങ്ങി യവരാണോ വരുന്നതെന്ന് അറിയാനാണ് പരിശോധന. ഹൈക്കോടതി നിർദ്ദേശപ്രകാരം വ്യാജ പാസുകളുടെ സാധ്യതയും പരിശോധിക്കുന്നുണ്ട്.
ഇത്തവണ ബുക്കിംഗ് കൂടിയിട്ടും തീർത്ഥാടകർ കുറയുന്നതിന്റെ കാരണം ദുരൂഹമായ സാഹചര്യത്തിലാണ് നടപടി. ഭക്തരുടെ എണ്ണക്കുറവും വരുമാന നഷ്ടവും സംബന്ധിച്ച് പോലീസിന് കേസെടുത്ത് അന്വേഷിക്കാൻ കഴിയില്ല. ഇതിനാലാണ് പാസിന്റെ ഉറവിടം ഉൾപ്പെടെ തേടി സമാന്തര അന്വേഷണത്തിലൂടെ നിജസ്ഥിതി കണ്ടെത്താനുള്ള ശ്രമം. തീർത്ഥാടന അട്ടിമറി സാധ്യത കണ്ടെത്തിയാൽ ദേവസ്വം ബോർഡിന്റെ പരാതിയിലോ സർക്കാരിന്റെ നിർദ്ദേശ പ്രകാരമോ പോലീസിന് കേസെടുക്കാം.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ടൂർ ഏജൻസികൾ ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് ആസൂത്രിതമായി മറിച്ച് വിറ്റിട്ടുണ്ടെന്ന് പോലീസിന്റെയും ദേവസ്വം വിജിലൻസിന്റെയും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ മണ്ഡലകാലത്തെ മുഴുവൻ വെർച്വൽ ക്യൂ ബുക്കിംഗുകളും പൂർണ്ണമായതിനാൽ സ്പോട്ട് ബുക്കിംഗ് മാത്രമാണ് ഏക ആശ്രയം.
മണ്ഡലകാലം ആരംഭിച്ചതിന് ശേഷം മൂന്ന് ദിവസം മാത്രമാണ് പ്രതിദിന തീർത്ഥാടകരുടെ എണ്ണം 70000 കടന്നത്. ബുക്കിംഗ് അനുസരിച്ച് കഴിഞ്ഞ പന്ത്രണ്ട് ദിവസത്തിനിടെ 7,20,000 ഭക്തർ വെർച്വൽ ക്യൂ വഴി മാത്രം ദർശനം നടത്തേണ്ടതായിരുന്നു. എന്നാൽ അഞ്ച് ലക്ഷത്തിൽ താഴെ തീർത്ഥാടകർ മാത്രമാണ് എത്തിയത്. ബുക്ക് ചെയ്തിട്ടും എത്താതിരുന്ന രണ്ടര ലക്ഷത്തോളം ആളുകളുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.





