റാന്നി : തമിഴ്നാട് സ്വദേശിയായ യുവാവ് 17 ഗ്രാം കഞ്ചാവുമായി പൊലീസ് പിടിയിൽ. തമിഴ്നാട് പെരമ്പലൂർ ലബ്ബൈക്കുടിക്കാട് വെസ്റ്റ് മിഡിൽ സ്ട്രീറ്റ് നമ്പർ അഞ്ചിൽ മുഹമ്മദ് ശരീഫ് (34) ആണ് അറസ്റ്റിലായത്.
റാന്നി വൈക്കത്തുനിന്നും ഇന്ന് വൈകിട്ട് അഞ്ചോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് റാന്നി ഡിവൈഎസ്പി ആർ. ജയരാജിന്റെ നിർദ്ദേശത്തെ തുടർന്ന് പോലീസ് ഇൻസ്‌പെക്ടർ ജിബു ജോണിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
വൈക്കത്ത് പുനലൂർ – മൂവാറ്റുപുഴ റോഡിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട ഇയാളെ തടഞ്ഞുനിർത്താൻ ശ്രമിക്കുമ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിടികൂടി ചോദ്യം ചെയ്തതിനെ തുടർന്ന് പാന്റിന്റെ പോക്കറ്റിൽ നിന്നും കഞ്ചാവ് പൊതി കണ്ടെടുത്തു. കടലാസിൽ പൊതിഞ്ഞു വിൽപ്പനയ്ക്ക് കൈവശം വച്ചതാണെന്ന് സമ്മതിച്ചു. തുടർന്ന് അറസ്റ്റ് ചെയ്തു.