ന്യൂഡൽഹി : ട്വന്റി20 ലോകകപ്പിൽ വിജയികളായ ഇന്ത്യൻ ക്രിക്കറ്റ് ടീം ജന്മനാട്ടിൽ എത്തി .ടീമിനെ സ്വീകരിക്കാൻ നൂറു കണക്കിന് ആരാധകരാണ് ഡൽഹി വിമാനത്താവളത്തിനു മുന്നിൽ തടിച്ചുകൂടിയത്. എയർ ഇന്ത്യ ചാമ്പ്യൻ 24 വേൾഡ് കപ്പ് എന്ന എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ രാവിലെ 6.57 ഓടെയാണ് താരങ്ങൾ ഡൽഹി വിമാനത്താവളത്തിന് പുറത്തെത്തി ബസുകളിലേക്ക് കയറിയത്.
ടീമംഗങ്ങൾക്ക് രാവിലെ 11ന് പ്രധാനമന്ത്രിയുടെ വസതിയിൽ സ്വീകരണം നൽകും. ഇതിനു ശേഷം വൈകിട്ടോടെ ടീം മുംബൈയിലെത്തും. വിമാനത്താവളത്തിൽ നിന്ന് ഒരു കിലോമീറ്ററോളം ദൂരം തുറന്ന ബസിൽ കിരീടവുമായി വിക്ടറി മാർച്ച് നടത്തും.
ജൂൺ 30ന് ന്യൂയോർക്ക്– ദുബായ് വഴി നാട്ടിലേക്കു മടങ്ങാനായിരുന്നു ഇന്ത്യൻ ടീമിന്റെ പദ്ധതി. എന്നാൽ ചുഴലിക്കാറ്റിനെ തുടർന്ന് ബാർബഡോസിൽ കുടുങ്ങിയ ടീമിന്റെ യാത്ര വൈകുകയായിരുന്നു. തുടർന്ന് ടീം അംഗങ്ങളും സപ്പോർട്ടിങ് സ്റ്റാഫും അടക്കം 70 പേരടങ്ങുന്ന സംഘത്തെ തിരികെ എത്തിക്കാൻ ബിസിസിഐ എയർ ഇന്ത്യയുടെ പ്രത്യേക വിമാനം അയക്കുകയായിരുന്നു .