ആലപ്പുഴ : 2024 ലോകസഭ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ട് ചെയ്യുന്നതിനായി 12-ഡി ഫോമുകൾ ബൂത്ത് ലെവൽ ഓഫീസർമാർ(ബി. എൽ. ഒ ) ഞായറാഴ്ച (മാർച്ച് 24 മുതൽ) വിതരണം ചെയ്യും. 85 വയസ്സ് മുകളിൽ പ്രായമുള്ളവർക്കും ഭിന്നശേഷിക്കാരായ വോട്ടർമാർക്കുമാണ് 12-ഡി ഫോമുകൾ നൽകുന്നത്. ഏപ്രിൽ ഒന്നിന് മുമ്പായി 12 -ഡി ഫോമുകൾ പൂരിപ്പിച്ച് നൽകുന്നവർക്കാണ് പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരം.
പ്രായാധിക്യം കൊണ്ടുള്ള ബുദ്ധിമുട്ടുള്ളവർക്കും ഭിന്നശേഷിക്കാർക്കും പോളിംഗ് കേന്ദ്രത്തിൽ പോകാതെ തന്നെ വോട്ട് ചെയ്യുന്നതിനുള്ള അവസരമാണ് ഒരുക്കുന്നത്.
സെക്ടർ ഓഫീസർമാരുടെ നിരീക്ഷക്ഷണത്തിലാണ് ബി.എൽ.ഒമാർ വീടുകളിൽ ഫോമുകൾ വിതരണം ചെയ്യുന്നത്. ഏപ്രിൽ ഒന്നിന് മുമ്പായി പൂരിപ്പിച്ച ഫോമുകൾ തിരികെ നൽകണം. പൂരിപ്പിച്ച ഫോമുകളുടെ ലിസ്റ്റ് പ്രകാരം ഫോമിന്റെ ഒരു പകർപ്പ് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് ലഭ്യമാക്കും.
എത്ര അപേക്ഷകൾ ലഭിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ ബാലറ്റ് വിതരണം നടത്തുക. ജനുവരി 22 നു പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിലാണ് അർഹരായ സമ്മതിദായകരെ തിരഞ്ഞെടുക്കുന്നത്.അപേക്ഷകൾ പരിശോധിച്ചു വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. പോളിംഗ് ഉദ്യോഗസ്ഥർ ഇവരെ സന്ദർശിച്ച് പോസ്റ്റൽ ബാലറ്റ് സുരക്ഷിതമായി നൽകും. വോട്ട് രേഖപ്പെടുത്തി നൽകുന്ന ബാലറ്റ് കൈപ്പറ്റി അധികൃതർക്ക് നൽകുമെന്ന് ഇലക്ഷൻ വിഭാഗം അറിയിച്ചു.