തിരുവല്ല: ഫിനാൻസ് തട്ടിപ്പ് കേസ്സിലെ പ്രതികളെ റിമാൻഡ് ചെയ്തു. നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിൽ തിരുവല്ലായിൽ പ്രവർത്തിക്കുന്ന നെടുംപറമ്പില്‍ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമയും കുടുംബവുമാണ് റിമാൻഡിലായത്.
കേരള കോൺഗ്രസ് മാണി വിഭാഗം മുൻ സംസ്ഥാന ട്രഷററും പത്തനംതിട്ട ജില്ലാ പ്രസിഡണ്ടും ആയിരുന്ന ഉടമയായ എൻ എം രാജു (64 ) ന് പുറമേ ഡയറക്ടർ ബോർഡ് അംഗങ്ങളായ ഭാര്യ ഗ്രേസ്, മക്കളായ അലന്‍ ജോര്‍ജ്, അന്‍സന്‍ ജോര്‍ജ് എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ 9 മണിയോടെ രാമഞ്ചിറയിലെ വീട്ടിൽ നിന്നും തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരേ തിരുവല്ല, പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ മാത്രം ഇതുവരെ മുപ്പതോളം കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് ഒട്ടാകെ 152 ശാഖകൾ ഉള്ള സ്ഥാപനത്തിന് എതിരെ കോട്ടയം, എറണാകുളം, പത്തനംതിട്ട, തൃശൂര്‍, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതി നിലനിൽക്കുന്നുണ്ട്. നൂറു കണക്കിന് നിക്ഷേപകരില്‍ നിന്ന് സ്വീകരിച്ച കോടിക്കണക്കിന് രൂപ റിയല്‍ എസ്‌റ്റേറ്റ്, ടെക്‌സ്റ്റയില്‍സ് മേഖലകളിലാണ് നിക്ഷേപിച്ചിരുന്നത്. പ്രതികൾ അറസ്റ്റിലായത് അറിഞ്ഞ് നിരവധി നിക്ഷേപകരാണ് ചൊവ്വാഴ്ച മാത്രം തിരുവല്ല പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയത്.