കൊച്ചി : വാക്കുതര്‍ക്കത്തിനിടെ ഒരാളോട് പോയി ചാകാന്‍ പറയുന്നത് ആത്മഹത്യാപ്രേരണക്കുറ്റമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. കുഞ്ഞുമായി ജീവനൊടുക്കിയ യുവതിയുടെ ആണ്‍ സുഹൃത്തായ കാസര്‍കോട് ബാര സ്വദേശിയായ യുവാവിനെതിരെ ആത്മഹത്യാപ്രേരണകുറ്റം ചുമത്തിയ കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതിയുടെ തീരുമാനം റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് സി പ്രദീപ് കുമാറിന്റെ ഉത്തരവ്.
കാസര്‍കോട് സ്വദേശിനി അഞ്ചരവയസ്സുള്ള മകളുമായി കിണറ്റില്‍ച്ചാടി ജീവനൊടുക്കിയ കേസില്‍ കാമുകനായ യുവാവിനെ കുറ്റവിമുക്തനാക്കിയ ഉത്തരവിലാണ് കോടതി പരാമര്‍ശം. വഴക്കിനിടെ ‘പോയി ചാകാന്‍’ പറയുന്നത് ആരെങ്കിലും മരിക്കണമെന്ന ഉദ്ദേശ്യത്തോടെയല്ലെന്ന് വിലയിരുത്തിയാണ് കോടതിയുടെ ഉത്തരവ്.
കേവലം വാക്കുകളല്ല, മറിച്ച് ആത്മഹത്യയിലേക്ക് നയിക്കുന്ന രീതിയില്‍ തീരുമാനിച്ചുറപ്പിച്ച് കാര്യങ്ങള്‍ ചെയ്താല്‍ മാത്രമെ ആത്മഹത്യാ പ്രേരണ കുറ്റം നിലനില്‍ക്കൂ എന്ന സുപ്രീംകോടതി വിധി ന്യായങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേരള ഹൈക്കോടതി വിധി. അധ്യാപകനായ ഹര്‍ജിക്കാരന് സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട വിവാഹിതയായ യുവതിയുമായി ബന്ധമുണ്ടായിരുന്നു.
ഹര്‍ജിക്കാരന്‍ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതായി യുവതിക്ക് വിവരം കിട്ടി. ഇതുമായി ബന്ധപ്പെട്ട കലഹത്തിനിടെ ‘പോയി ചാക്’ എന്ന് യുവാവ് പറഞ്ഞതിന്റെ മനോവിഷമത്തില്‍ യുവതി കുഞ്ഞുമായി കിണറ്റില്‍ച്ചാടി ജീവനൊടുക്കിയെന്നാണ് കേസ്. യുവാവിന്റെ വാക്കുകളാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2023-ലാണ് കേസിനാസ്പദമായ സംഭവം.






