തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിലെ സ്വർണ ധ്വജ നിർമാണത്തിനുള്ള തേക്ക് മരം
തൈലാധിവാസത്തിനായി ഇടുന്നതിനുള്ള ചടങ്ങ് നാളെ രാവിലെ 9.50നും 10.30നും മദ്ധ്യേ കർക്കിടകം രാശി ശുഭമുഹൂർത്തത്തിൽ നടക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് തൈലാധിവാസ ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും.
ഔഷധ എണ്ണയുടെ കലശപൂജ ക്ഷേത്രം തന്ത്രി കുഴിക്കാട്ടില്ലത്ത് അഗ്നി ശർമൻ വാസുദേവൻ ഭട്ടതിരി മുഖ്യ കാർമ്മികത്വം വഹിക്കും.35 ആയുർവേദ മരുന്നുകളും ഔഷധ കൂട്ടുകളും ഇടിച്ച് പിഴിഞ്ഞ് എടുത്ത് ഉണ്ടാക്കുന്ന തൈലത്തിലാണ് തടി നിക്ഷേപിക്കുന്നത്. 6 മാസത്തിൽ കുറയാതെ കൊടിമരം എണ്ണത്തോണിൽ ഇടും.
നവംബർ മാസം 4 ന് പൂഞ്ഞാറിലെ പാതാംപുഴയിൽ നിന്നും സ്വർണ ധ്വജത്തിനുള്ള തേക്ക് മരം ഘോഷയാത്രയായി കൊണ്ടുവന്ന് ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്ത് പ്രത്യേകം തയാറാക്കിയ പണിശാലയിൽ എത്തിച്ചിരുന്നു.തുടർന്ന് നവംബർ 19ന് ധ്വജ നിർമാണത്തിനുള്ള ഉളി വെപ്പ് കർമം നടന്നു. കൊടിമര ശില്പി അനന്തൻ ആചാരിയുടെ നേതൃത്വത്തിൽ ആണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്.