ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ആയില്യം പൂജ മഹോത്സവം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ സമാപിച്ചു. ക്ഷേത്രത്തിലെ നാഗരാജാവിനും നാഗയക്ഷിക്കും മുന്നിൽ നടന്ന സവിശേഷമായ പൂജാകർമ്മങ്ങളിലും ചടങ്ങുകളിലും പങ്കെടുത്തു പ്രാർത്ഥിക്കാൻ പുലർച്ചെ മുതൽ നൂറുകണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്ര സന്നിധിയിൽ എത്തിയത്.
മഹോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്ര സർപ്പക്കാവിൽ വിപുലമായ വഴിപാടുകളും പൂജകളുമാണ് നടന്നത്. നാഗദോഷ പരിഹാരത്തിനായി നൂറും പാലും, സർപ്പത്തിങ്കൽ അർച്ചന, സർപ്പനിവേദ്യം, മഞ്ഞൾപൊടി , കരിക്ക്, പാൽ എന്നിവ കൊണ്ടുള്ള പ്രത്യേക അഭിഷേകങ്ങളും ക്ഷേത്രത്തിൽ നടന്നു. നാഗരാജാവിന്റെയും നാഗയക്ഷിയുടെയും തിരുസ്വരൂപം എഴുന്നള്ളത്തും നാഗ പുരാണപാരായണവും നടന്നു.
പൂജകൾ ദർശിക്കാനും വഴിപാടുകൾ സമർപ്പിക്കാനും വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ചടങ്ങുകൾക്ക് ശേഷം ഭക്തർക്കായി പ്രത്യേക പ്രസാദ വിതരണവും ക്ഷേത്രത്തിൽ ഒരുക്കിയിരുന്നു. ക്ഷേത്ര മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങുകൾക്ക്, തന്ത്രി ഒളശ മംഗലത്തില്ലത്ത് ഗോവിന്ദൻ നമ്പൂതിരി, മേൽശാന്തി രഞ്ജിത്ത് ബി നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു.





