തിരുവല്ല: തിരുവല്ല നഗരത്തിൽ ആദ്യമായി 5000 ത്തിൽ അധികം ക്രിസ്മസ് പാപ്പാമാർ അണിനിരന്നപ്പോൾ നഗരം വിസ്മയലോകമായി മാറി. ഇന്ന് വൈകിട്ട് 4.30 ന് എം.സി.റോഡിൽ തിരുവല്ല ബൈപ്പാസിനു സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ഇരുവളളിപ്ര സെൻ്റ് തോമസ് ഹൈസ്കൂളിലെ അദ്ധ്യാപകർ നടത്തിയ ക്രിസ്തുമസ് ഗാനത്തോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു.
ഡോ.ഗീവർഗീസ് മാർ കൂറീലോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രെഫ.പി.ജെ.കുര്യൻ സാൻ്റാ ഹാർമണി 2024 ഉദ്ഘാടനം ചെയതു. ഡി. വൈ.എസ്.പി. എസ് അഷാദ് സന്ദേശറാലി ഫ്ലാഗ് ഓഫ് ചെയ്യ്തു.
പാപ്പാമാർ തുറന്ന വാഹങ്ങളിലും, പ്രത്യേകം സജ്ജീകരിച്ച വാഹനങ്ങളിലും അണിനിരന്നു. തുടർന്ന് ഇരുചക്ര വാഹന റാലിയുടെ പിന്നിലായി വിളമ്പര വാഹനം, വിദ്യാർത്ഥികളുടെ റോളർ സ്കേറ്റിങ്ങ്, ചെണ്ടമേളം, ബാൻ്റ് മേളം, നിശ്ചല ദൃശ്യങ്ങൾ, വാദ്യ മേളങ്ങൾ തുടങ്ങി റാലി നഗര മദ്ധ്യത്തിലൂടെ കടന്ന് സെൻ്റ് ജോൺസ് കത്തിഡ്രൽ അങ്കണത്തിൽ എത്തിച്ചേർന്നു.
സെന്റ് ജോൺസ് കത്തീഡ്രൽ പള്ളിയുടെ അങ്കണത്തിൽ സമാപിച്ച റാലിയെ കരിമരുന്നുപ്രകടനത്തോടെ വരവേറ്റു. അതിരൂപതാധ്യക്ഷൻ റവ. ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ക്രിസ്തുമസ് സന്ദേശം നല്കി.