തിരുവല്ല : നിരണം തൃക്കപാലീശ്വരം ദക്ഷിണാമൂർത്തി സ്വാമിയുടെ ക്ഷേത്ര നാലമ്പല സമർപ്പണം പ്രശസ്ത കവിയും,ഗാന രചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവഹിച്ചു. മലയാള ഭാഷാ പിതാവായ തുഞ്ചത്ത് എഴുത്തച്ഛനു ഗുരുവായ കണ്ണശ്ശ കവികൾക്ക് കവിതാ ഫലം നൽകി അനുഗ്രഹിച്ച തൃക്കപാലീശ്വരന്റെ സന്നിധിയിൽ ഈയൊരു ചടങ്ങ് നിർവഹിക്കുവാൻ സാധിച്ചത് ജന്മാന്തര പുണ്യമെന്ന് അദ്ദേഹം പറഞ്ഞു.ഏകദേശം 15 വർഷങ്ങൾക്കു മുൻപ് തൃക്കപാലീശ്വര ക്ഷേത്രത്തിൽ വന്നതും അന്നെഴുതിയ കവിതയും ഒളി മങ്ങാത്ത ഓർമ്മകളെന്ന് അദ്ദേഹം അനുസ്മരിച്ചു
ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി വി കെ ചന്ദ്രൻ,സംസ്ഥാന ഓഡിറ്റർ നാഗപ്പൻ നായർ,ക്ഷേത്രം സെക്രട്ടറി ഹരികൃഷ്ണൻ എസ് ,ജില്ലാ സെക്രട്ടറി രാജൻ വാലങ്കര, ക്ഷേത്രം പ്രസിഡന്റ് ബാലചന്ദ്രൻ കുമാർ,ജില്ല വൈസ് പ്രസിഡന്റ് മധുസൂദനൻ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.
വഞ്ചിപ്പാട്ട് കലാകാരനായ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെയാണ് ചടങ്ങുകൾ നടന്നത്.ഭക്തജനങ്ങളും,ജനപ്രതിനിധികളും കലാ- സാംസ്‌കാരികരംഗത്തെ പ്രവർത്തകരും അടക്കം നിരവധി ആളുകൾ ചടങ്ങിന് സാക്ഷ്യം വഹിച്ചു.മഹാശിവരാത്രി വരെ നീണ്ടു നിൽക്കുന്ന പത്തു ദിവസത്തെ ക്ഷേത്ര ഉത്സവത്തിനും തുടക്കം കുറിച്ചു.