സമ്മർദം ഏത് രാഷ്ട്രീയ കക്ഷിയുടേതെന്ന് റിപ്പോർട്ടിൽ പരാമർശമില്ല. എന്നാൽ മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഭരണകക്ഷി നേതാക്കളുടെ ഭീഷണി ഉണ്ടായിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു
ഇക്കഴിഞ്ഞ മാർച്ച് 11 ന് ആണ് വില്ലേജ് ഓഫിസറായ മനോജിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശത്ത് നടക്കുന്ന മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഭരണകക്ഷിയിലെ നേതാക്കളുമായി പ്രശ്നമുണ്ടായിരുന്നതായും ഇതില്‍ മനോജിന് മാനസിക സമ്മര്‍ദ്ദമുണ്ടായിരുന്നതായും ബന്ധുക്കള്‍ അന്ന് തന്നെ പരാതിപ്പെട്ടിരുന്നു. പിന്നാലെ ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് 12 വില്ലേജ് ഓഫിസര്‍മാര്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നൽകിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ആര്‍ഡിഒയില്‍ നിന്ന് കലക്ടർ റിപ്പോര്‍ട്ട് തേടിയത്.
തുടർന്ന് സഹപ്രവർത്തകരായ വില്ലേജ് ഓഫീസർമാർ, തുടങ്ങി മനോജിന്‍റെ പരിചയക്കാരിൽ നിന്നുവരെ അടൂർ ആർഡിഒ വിശദമായി മൊഴിയെടുത്തു. രാഷ്ട്രീയ സമ്മർദ്ദം കാരണം ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്നു മനോജ്. ഇതേതുടർന്നുള്ള മാനസിക സമ്മർദ്ദത്തിനൊടുവിൽ വില്ലേജ് ഓഫീസർ ജീവനൊടുക്കിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഭരണകക്ഷി നേതാക്കൾക്കതിരെ കുടുംബം ആരോപണം ഉന്നയിച്ചെങ്കിലും ആർഡിഒയുടെ റിപ്പോർട്ടിൽ ആരുടെയും പേരോ കാരണമോ എടുത്തു പറയുന്നില്ല.
ആർഡിഒ നൽകിയ റിപ്പോർട്ട് ജില്ലാ കലക്ടർ ഉടൻ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്ക് കൈമാറും. ആത്മഹത്യക്ക് പിന്നിലെ കാരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്പിക്ക് കുടുംബം പരാതി നൽകിയെങ്കിലും പൊലീസ് അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഒരു ഫോണ്‍ വന്നതിന് പിന്നാലെയാണ് മനോജ് ജീവനൊടുക്കിയത് എന്നാണ് കുടുംബത്തിന്‍റെ ആരോപണം. ഫോണ്‍ വിവരങ്ങള്‍ അടക്കം ലഭിച്ചെങ്കിലെ മരണത്തിന് പിന്നില്‍ ആരുടെയെങ്കിലും ഭീഷണി ഉണ്ടായിരുന്നോ എന്നതില്‍ വ്യക്തത വരൂ.