കോട്ടയം: സംസ്ഥാനത്ത് ട്രെയിൻ യാത്രകളിൽ തിരക്കേറുന്നു. വൈകുന്നേരങ്ങളിൽ എറണാകുളം, കോട്ടയം സ്റ്റേഷനുകളിൽ നിന്ന് കൊല്ലം ഭാഗത്തേക്ക് പുറപ്പെടുന്ന ട്രെയിനുകളിലാണ് കൂടുതലായും തിരക്ക് അനുഭവപ്പെടുന്നത്. വിദ്യാർത്ഥികളെയും ഓഫീസ് ജീവനക്കാരെയും അസഹനീയമായ ദുരിതത്തിലാഴ്ത്തുകയാണ്.
ഉച്ചയ്ക്ക് പരശുറാം എക്സ്പ്രസ് കടന്നുപോയാൽ ഏറെ നേരം സർവീസ് ഇല്ലാത്തതാണ് വൈകുന്നേരങ്ങളിൽ തിരക്കിന് കാരണമാകുന്നത്. തൃപ്പൂണിത്തുറ മെട്രോ ടെർമിനൽ പ്രവർത്തനം ആരംഭിച്ചതോടെ ആയിരക്കണക്കിന് യാത്രക്കാർ സ്വകാര്യവാഹനങ്ങൾ ഉപേക്ഷിച്ച് ട്രെയിൻ മാർഗം യാത്ര തുടങ്ങിയതും പ്രശ്നം രൂക്ഷമാക്കി.
തൃപ്പൂണിത്തുറ, കോട്ടയം, ചങ്ങനാശ്ശേരി മേഖലകളിലെ വിദ്യാർത്ഥികളും എം.ജി. സർവകലാശാല, മെഡിക്കൽ കോളേജ്, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരും പ്രതിദിനം ഏറ്റുമുട്ടുന്നത് തിങ്ങിനിറഞ്ഞ കോച്ചുകളിലാണ്. ചിലപ്പോഴൊക്കെ ചവിട്ടുപടിയും ടോയ്‌ലറ്റ് ഇടനാഴിയും വരെ യാത്രക്കാർ നിറഞ്ഞ് വീർപ്പുമുട്ടുന്ന അവസ്ഥയിലാണ്. റെയിൽവകുപ്പിന് വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും കഴിഞ്ഞ വർഷങ്ങളിൽ വൻ വർദ്ധനവ് ഉണ്ടായിട്ടും സ്ഥിരയാത്രക്കാർ ആശ്രയിക്കുന്ന സർവീസുകളുടെ എണ്ണത്തിൽ പുരോഗതി ഉണ്ടായിട്ടില്ലെന്നതാണ് ഏറ്റവും വലിയ പരാതിയായി ഉയരുന്നത്.
വൈകുന്നേരം ചങ്ങനാശ്ശേരിയിലെത്തുമ്പോൾ തിരക്ക് അതിന്റെ പരമാവധി തികയുന്നതായും യാത്രക്കാർ പറഞ്ഞു. കോവിഡിന് മുമ്പ് ഉച്ചയ്ക്ക് 2.45ന് എറണാകുളം ജംഗ്ഷനിൽ നിന്ന് കൊല്ലത്തേക്ക് ഓടിച്ചിരുന്ന മെമു സർവീസ് പുനരാരംഭിക്കണമെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് സംഘടന ആവശ്യപ്പെട്ടു. രാവിലെ കൊല്ലത്ത് നിന്ന് എറണാകുളത്തേക്ക് 8 മണിക്ക് ശേഷം മൂന്ന് മണിക്കൂറിലേറെ സർവീസ് ഇല്ലാത്തതും വലിയ ദുരിതം സൃഷ്ടിക്കുന്നു.
രാവിലെ 10 മണിക്ക് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന മെമു/പാസഞ്ചർ ഉച്ചയ്ക്ക് 1.30ന് എറണാകുളം എത്തിച്ച് വൈകിട്ട് 2.45/3 മണിക്ക് തിരികെ പോകുന്ന രീതിയിൽ ക്രമീകരിച്ചാൽ ഇരുവശത്തേക്കും യാത്രാക്ലേശം കുറയ്ക്കാനാകുമെന്ന് യാത്രക്കാർ പറഞ്ഞു






