തിരുവല്ല : വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള ഭയാശങ്കകള്‍ക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്ത ആവശ്യപ്പെട്ടു. രാജ്യത്തു നിലനില്‍ക്കുന്ന മതസൗഹാര്‍ദവും സഹോദര്യവും തകരുന്ന സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാരും വിവിധ രാഷ്ട്രീയ കക്ഷികളും ആത്മാര്‍ഥമായി ഈ വിഷയത്തില്‍ ഇടപെടണം. രാഷ്ട്രീയ കക്ഷികള്‍ തുറന്ന സമീപനം സ്വീകരിക്കണം.
എറണാകുളം ജില്ലയിലെ മുനമ്പം, ചേറായി പ്രദേശങ്ങളിലെ അറുനൂറോളം വരുന്ന മത്സ്യ തൊഴിലാളികളും സാധാരണക്കാരുമായ ജനങ്ങള്‍ സ്വന്തം കിടപ്പാടം നഷ്ടമാകുന്നതിന്‍റെ ഭീതിയിലാണ്. ഈ ഭൂമിയില്‍ വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചതാണ് സ്ഥിതി സങ്കീര്‍ണ്ണമാക്കുന്നത് എന്ന് പറയപ്പെടുന്നു. തലമുറകളായി താമസിച്ചു വരുന്ന ഭൂമിയാണ് ഇവര്‍ക്ക് നഷ്ടമാവുന്നത്.
പ്രശ്നം സങ്കീര്‍ണ്ണമായതോടെ സമരരംഗത്താണ് ഇവിടുത്തെ ജനങ്ങള്‍. മുനമ്പത്തു മാത്രമല്ല, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ഭൂമിയിലുള്ള ഇത്തരം അവകാശവാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സാമൂഹ്യ നീതി ലഭ്യമാക്കത്തക്കവിധം എല്ലാവരും നീതി പുലര്‍ത്തുകയും, പ്രശ്നത്തിന് ശാശ്വത പരിഹരം കാണുകയുമാണ് ആവശ്യമെന്നും മെത്രാപ്പോലിത്ത പറഞ്ഞു.