പത്തനംതിട്ട : പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായി വി.ജി.വിനോദ് കുമാറിനെ സർക്കാർ നിയമിച്ചു. തിരുവനന്തപുരം വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ യൂണിറ്റ് 1 സ്പെഷൽ ഇൻവെസ്റ്റിഗേഷൻ എസ്.പി ആയിരുന്നു വിനോദ് കുമാർ.
പി.വി. അൻവർ എം എൽ എ യുമായി നടത്തിയ ഫോൺ സംഭാഷണത്തിൻ്റെ പേരിൽ സർവീസ് ചട്ടലംഘനത്തിന് മാറ്റി നിർത്തിയ എസ്പി എസ്. സുജിത് ദാസിനെ സ്ഥാനത്ത് നിന്ന് മാറ്റിയ ഒഴിവിലാണ് വി.ജി. വിനോദ് കുമാറിനെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചത്. സുജിത് ദാസിന് പകരം നിയമനം നൽകിയിട്ടില്ല. അദ്ദേഹത്തിൻ്റെ സസ്പെൻഷൻ ഉത്തരവും വന്നിട്ടില്ല.
അതേ സമയം സുജിത് ദാസിനെതിരെ പി.വി.അൻവർ എം എൽ എ നടത്തിയ സ്വർണക്കടത്ത് ആരോപണം സംബന്ധിച്ച് അന്വേഷണം നടത്താൻ കസ്റ്റംസ് തീരുമാനിച്ചു. കസ്റ്റംസ് എസ്പി ആയിരിക്കെ സുജിത് ദാസിൻ്റെ നേതൃത്വത്തിൽ നടത്തിയ സ്വർണക്കടത്ത് കേസുകൾ വിശദമായി പരിശോധിക്കാനാണ് കസ്റ്റംസ് അധികൃതരുടെ ഇപ്പോഴത്തെ തീരുമാനം.
പിടിച്ചെടുത്ത സ്വർണത്തിൻ്റെ അളവിൽ ഉൾപ്പെടെ ക്രമക്കേടുകൾ കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് എന്നാണ് പി.വി.അൻവർ എം എൽ എ ആരോപിച്ചത്. ഇക്കാര്യങ്ങളെല്ലാം ഉൾപ്പെടെ കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗമാണ് അന്വേഷിക്കുന്നത്.