പത്തനംതിട്ട: പത്തനംതിട്ട ടൗണിൽ വിവാഹ സൽക്കാരം കഴിഞ്ഞു വന്ന സംഘത്തിലുള്ളവർക്ക് നേരെ നടന്ന അക്രമത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ആണ് കമ്മിഷൻ നടപടി.
അതേ സമയം സംഭവത്തെക്കുറിച്ചുള്ള അന്വേഷണം സർക്കാർ ക്രൈംബ്രാഞ്ചിന് കൈ മാറി. എന്നാൽ കേസിൽ ഉൾപ്പെട്ട സസ്പെൻഷനിലായ എസ് ഐ, സി. പി. ഒ എന്നിവരെ ഇതുവരെ കേസിൽ പ്രതി ചേർത്തിട്ടില്ലെന്ന് പരാതിക്കാർ ആരോപിച്ചു.
പൊലീസ് അതിക്രമത്തിൽ കേസെടുത്ത് രണ്ടു ദിവസമായിട്ടും കാര്യമായ അന്വേഷണ പുരോഗതി ഉണ്ടായിട്ടില്ല. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ്‌ഐക്കും പൊലീസുകാർക്കും എതിരായ അന്വേഷണം അതേ സ്റ്റേഷനിലെ സിഐ നടത്തുന്നത് ശരിയല്ലെന്ന് പരിക്കേറ്റവർ ആരോപിച്ചിരുന്നു. ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതിയും നൽകി. ഈ സാഹചര്യത്തിലാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്.
വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയെത്തിയ ദമ്പതികൾ അടക്കമുള്ളവർ വഴിയരികിൽ വാഹനം നിർത്തി വിശ്രമിക്കുമ്പോൾ പൊലീസ് അതിക്രമം ഉണ്ടായെന്നാണ് പരാതി. ഇതിൽ വിശദമായ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് നടത്തും. ഒരു പ്രകോപനവും ഇല്ലാതെ സ്ത്രീകൾ അടക്കമുള്ളവരെ എന്തിനു മർദ്ദിച്ചു എന്നതാണ് പ്രധാന ചോദ്യം.
സസ്‌പെൻഷനിലായ എസ് ഐ ജിനു ഉൾപ്പെടെ മൂന്ന് പോലീസുകാർക്കെതിരെ പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമം കൂടി ചേർക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പരുക്കേറ്റവർ പറഞ്ഞു. എഫ്‌ഐആറിൽ വധശ്രമം ഉൾപ്പെടെ വകുപ്പുകൾ ചേർക്കണമെന്നും ഇവർ ആവശ്യപ്പെട്ടു