തിരുവനന്തപുരം : തിരുവനന്തപുരത്ത് നടുറോഡിൽ 19- കാരനെ കുത്തിക്കൊന്ന സംഭവത്തിൽ പിടിയിലായവരില്‍ കാപ്പാ കേസ് പ്രതിയും .തമ്പാനൂർ തോപ്പിൽ വാടകയക്ക് താമസിക്കുന്ന അലനെ(19) കുത്തിക്കൊന്ന കേസിലാണ് കാപ്പാ കേസ് പ്രതി അടക്കം നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച വൈകീട്ട് ആറുമണിക്ക് തൈക്കാട് ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് അലന് കുത്തേറ്റത്. തൈക്കാട് ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുന്നതിനിടെ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിന്‍റെ തുടർച്ചയാണ് കൊലപാതകം.
ആറു പേരടങ്ങുന്ന സംഘമാണ് അലന്റെ സംഘത്തോട് ഏറ്റുമുട്ടിയത്.പ്രതികൾ ഹെൽമെറ്റ് കൊണ്ട് ശക്തമായി അലന്‍റെ തലയിൽ ഇടിക്കുകയും കത്തികൊണ്ട് നെഞ്ചിൽ കുത്തുകയും ചെയ്തു. ഹൃദയത്തിനേറ്റ മുറിവ് കാരണമുള്ള ആന്തരികരക്തസ്രാവമാണ് മരണകാരണം. കുത്തേറ്റ അലനെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ബൈക്കിൽ കയറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു .സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിന് തൊട്ടടുത്തുള്ള സ്ഥലത്താണ് സംഭവം നടന്നത് .






