പത്തനംതിട്ട : ഹിമാചൽ പ്രദേശിലെ റോത്തിങ് പാസിൽ 1968 ൽ ഉണ്ടായ സൈനിക വിമാനാപകടത്തിൽ മരിച്ച ഇലന്തൂർ സ്വദേശിയും കരസേനയിൽ ക്രാഫ്റ്റസ്മാനുമായിരുന്ന തോമസ് ചെറിയാൻ്റെ ഭൗതിക ശരീരം നാളെ (വെള്ളി) ജന്മനാട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.
ധീര സൈനികൻ ഇലന്തൂർ ഒടാലിൽ തോമസ് ചെറിയാൻ്റെ ഭൗതീക ശരീരം ഇന്ന് തിരുവനന്തപുരം എയർപോർട്ടിലെത്തിക്കും. തുടർന്ന് പാങ്ങോട് മിലിട്ടറി ക്യാമ്പിൽ അന്തിമോപചാരത്തിനായി മാറ്റും. വെള്ളിയാഴ്ച രാവിലെ സൈനീക ക്യാമ്പിൽ നിന്നും ഭൗതീക ശരീരവുമായി തിരിക്കുന്ന മിലിട്ടറി സംഘം രാവിലെ പത്തിന് ഇലന്തൂർ മാർക്കറ്റ് ജംഗ്ഷനിൽ എത്തും.
ഭൗതികദേഹം മിലിട്ടറിയുടെ തുറന്ന ട്രക്കിലേക്ക് മാറ്റും. തുടർന്ന് വിലാപയാത്രയായി ഇലന്തൂരിലെ ഓടാലിൽ വീട്ടിൽ ശുശ്രൂഷയ്ക്ക് എത്തിക്കും.12 മണിയോടെ ഒടാലിൽ വീട്ടിൽ നിന്നും വിലാപയാത്ര കാരൂർ സെൻ്റ് പീറ്റേഴ്സ് പള്ളിയിലേക്ക്. രണ്ടു മണിയോടെ അന്ത്യശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം. ശുശ്രൂഷകൾക്ക് കുര്യാക്കോസ് മാർ ക്ലിമീസ് വലിയ മെത്രാപ്പൊലീത്ത, ഡോ. ഏബ്രഹാം മാർ സെറാഫിം എന്നിവർ കാർമികത്വം വഹിക്കും.